ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം

ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയില്‍ പ്രത്യക്ഷപ്പെടുന്നത്. റോമന്‍ , ഗ്രീക്ക് , പേര്‍ഷ്യന്‍ , ഇന്ത്യന്‍ , ചൈനീസ് നാഗരികതകള്‍ ജീര്‍ണ്ണത പിടിപെട്ട് ഭാവിയിലേക്കുള്ള ഗമനം അസാധ്യമാം വിധം ജഡാവസ്ഥയിലേക്ക് നീങ്ങുമ്പോഴായിയിരുന്നു പുതിയൊരു ദര്‍ശനത്തിലൂടെ പ്രവാചകന്‍ നിലവിലെ വ്യവസ്ഥിതിയുടെ പൊളിച്ചെഴുത്തിന് നാന്ദി കുറിച്ചത്. മാനവരാശിയുടെ അതുവരെയുള്ള ചരിത്രത്തില്‍ ഇതിന് സമാനമായൊരു വഴിത്തിരിവ് ഒരിക്കലുമുണ്ടായിട്ടില്ല. കാലഹരണപ്പെട്ട ലോക ക്രമത്തിലേക്ക് പുതിയൊരു മൂലവിചാരം സന്നിവേശിപ്പിച്ച്, നിഖില മേഖലകളിലും വിപ്ലവകരമായ മാററങ്ങള്‍ സഫലമാക്കുകയായിരുന്നു മുത്ത് നബി. ദുഷിച്ച മതവും ജരാനര ബാധിച്ച സാമൂഹിക ക്രമവും ചൂഷണോപകരണമായി മാറിയ ഭരണ വ്യവസ്ഥിതിയുമെല്ലാം സമ്മാനിച്ച ജീവിത യോഗ്യമല്ലാത്ത ഒരു കാലഘട്ടത്തെ പിഴുതെറിഞ്ഞ് നീതിയും സമത്വവും സമാധാനവും സമസൃഷ്ടി ഭാവവും വഴിഞ്ഞൊഴുകുന്ന പുതിയ വ്യവസ്ഥയിലേക്ക് പ്രവാചകന്‍ കവാടങ്ങള്‍ തുറന്നിടുകയായിരുന്നു. പുരാതന നാഗരികതകളുടെ ശവപ്പറമ്പിലാണ് പ്രതീക്ഷയുടെ ബദല്‍ ലോകത്തെ നബി (സ്വ) പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല മാനവ രാശിക്കാകമാനം ഇസ്‌ലാമിന്റെ ദര്‍ശനങ്ങള്‍ സാന്ത്വനമായി എന്നതാണ് എടുത്തു പറയേ സവിശേഷത. പ്രവാചകന്‍ കൈവരിച്ച നേട്ടത്തെ എം.എന്‍ റോയി വിശകലനം ചെയ്യുന്നതിങ്ങനെയാണ്.
The phenominal success of Islam was prillimarily due to its revolutionary significance and its ability to lead the marses and of the hopless situation created by the decay of the antique civilization not only of Greece and Rome but of Persia and China and of India
ആറാം നൂറ്റാണ്ടില്‍  അന്നറിയപ്പെട്ട എല്ലാ സംസ്‌കൃതികളും അനിവാര്യമായ നവീകരണവും മാനവീകരണവും തേടുമ്പോഴാണ് പ്രതീക്ഷാകിരണങ്ങള്‍ ചൊരിഞ്ഞ്, അതിന്റെ സകല വിപ്ലവാത്മക ഭാവങ്ങളുമായി ഇസ്‌ലാം കടന്നു വന്നതെന്ന് പ്രകീര്‍ത്തിക്കപ്പെടുകയാണിവിടെ.
മനുഷ്യരാശി ഇന്നേ വരെ കണ്ട ഏററവും ബൃഹത്തായ സാമ്രാജ്യമായാണ് റോമന്‍ രാഷ്ട്രീയാധീശത്വത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. അത്‌ലാന്റിക് മുതല്‍ ഏഷ്യാ മൈനര്‍ വരെ വ്യാപിച്ചു കിടക്കുന്ന പ്രവിശാലമായ ഭൂപരിധി റോമിന്റെ മേല്‍കോയ്മയിലായിരുന്നു. സിറിയയും ഈജിപ്തും മെസപൊട്ടേമിയയും റോമന്‍ ആധിപത്യത്തിന് കീഴിലായിരുന്നു. പേര്‍ഷ്യ സാസാനിദ് നാഗരികതയുടെ കീഴില്‍ ധൈഷണികവും സര്‍ഗാത്മകവുമായ മേഖലകളില്‍ സ്ഥാപിച്ചെടുത്ത ഔജല്യം ഇതര ജനത അല്‍ഭുത സ്തബ്ധരായി നോക്കി നില്‍ക്കുകയായിരുന്നു.
ഉല്‍കൃഷ്ടമായതെല്ലാം ഗ്രീക്കിന്റെ കുത്തകയായിരുന്നു. ഇന്ത്യ ഒരതിശയമായും നിഗൂഢമായും മധ്യകാലഘട്ടത്തിന്റെ മനസ്സുകളെ മഥിച്ചു. അതിന്നിടയിലേക്കാണ് വര അറേബ്യന്‍ മരുഭൂമിയില്‍ കവിതയും കളിതമാശകളുമായി കഴിഞ്ഞു കൂടിയ ഒരു ജനതയില്‍ നിന്ന് നിരക്ഷരനായ ഒരു പ്രവാചകന്‍ മാറ്റത്തിന്റെ കാഹളമൂതി ഇറങ്ങി വരുന്നത്.
ഇരുളിന്റെ ഗുഹയില്‍ നിന്ന്
ഈ വിപ്ലവത്തിന്റെ ഉല്‍ഭവം ഒരു ഗുഹയില്‍ നിന്നാണ്, ഹിറ എന്ന തമസ്സില്‍ നിന്നാണ് പൊളിച്ചെഴുത്തിനായുള്ള വെളിച്ചം ഭൂമിയാകെ ചിതറി വീഴുന്നത്. തന്റെ ദര്‍ശനത്തിന്റെ വിളംബരം ഒരു കൊച്ചു മലമുകളിലാണ് പ്രവാചകന്‍ പ്രോദ്ഘാടനം ചെയ്യുന്നത്. ക്രിസ്താബ്ദം 610 ല്‍ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്. എണ്ണമറ്റ ദൈവങ്ങളെ ആരാധിച്ചു പോന്ന ഒര ജനതയെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഉദ്‌ഘോഷമായിരുന്നില്ല അത്. പക്ഷേ, ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം മാനവ കുലത്തെ എന്തു കൊണ്ട് പരിവര്‍ത്തിതമാക്കി എന്ന് കണ്ടെത്തുമ്പോഴാണ് പ്രവാചക ദൗത്യത്തിന്റെ പൊരുള്‍ അനുഭവ വേദ്യമാകുന്നത്.
ചരിത്രകാരനായ ഖാലിഖ് അഹമ്മദ് നിസാമി ചൂണ്ടിക്കാട്ടിയത് പോലെ ലോക ഗതിവിഗതികളെ ഇതുപോലെ സ്വാധീനിച്ച മറെറാരു വചനം മനുഷ്യര്‍ ഇതുവരെ ശ്രവിച്ചിട്ടില്ല. (Religion and politics in 13rd , 14th century). അന്നേവരെ ഭൂമുഖത്തു നിലനിന്ന രാഷ്ട്രീയ സാമുദായിക ഘടനകളെ കീഴ്‌മേല്‍ മറിക്കാന്‍ മാത്രം ഊര്‍ജ്ജ ദായകമായിരുന്നു പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച ഏക ദൈവത്തിലൂന്നിയ തൗഹീദിന്റെ ആ വചനം. ഇവിടെ ആരാധിക്കപ്പെടേത് അല്ലാഹു മാത്രമാണ് എന്ന ദൃഢസ്വരം പ്രപഞ്ചത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്താന്‍ ശ്രമിക്കുന്ന സകല ശക്തികളോടുമുള്ള വെല്ലുവിളിയായിരുന്നു. ദൈവം മാത്രമാണ് ആരാധ്യന്‍ എന്ന ആശയത്തിന്റെ ആത്യന്തിക സന്ദേശം മനുഷ്യര്‍ സമന്മാരാണെന്നും ആര്‍ക്കും ആരെയും കീഴ്‌പ്പെടുത്താന്‍ ഇവിടെ പഴുതില്ല എന്നുമാണ്. 18-ാം നൂററാില്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ (1789) മൂര്‍ദ്ധന്യതയില്‍ കേട്ട സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം (Equality, Liberty, Freternity) എന്ന മുദ്രാവാക്യത്തിന്റെ സമഗ്ര ഭാഷ്യമായിരുന്നു അത്. മനുഷ്യസമത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും വ്യവസ്ഥിതി അനുവദിക്കാതിരുന്ന മധ്യകാല കരാളതകളിലാണ് മനുഷ്യനിര്‍മ്മിതമായ സകല ഉച്ചനീചത്വങ്ങളും വര്‍ഗ്ഗഭേദങ്ങളും തട്ടിത്തകര്‍ത്ത് നാമെല്ലാം അല്ലാഹുവിന്റെ അടിമ എന്ന കീഴ്‌പ്പെടലിന്റെ ആഹ്വാനം പ്രവാചകര്‍ പ്രചരിപ്പിക്കുന്നത്. ആരാധനകളിലൂടെ, ജീവിതത്തിലൂടെ അതിന്റെ പ്രായോഗിക രൂപം കാണിച്ചു കൊടുക്കുകയും ചെയ്തു. വര്‍ണ്ണ വര്‍ഗ്ഗ ഭാഷ ദേശ ഭിന്നതകള്‍ തട്ടിമാററി മനുഷ്യത്വത്തിന്റെ ഉദാത്തഭാവങ്ങള്‍ കാലത്തിന്റെ രംഗവേദികളില്‍ അനാവൃതമായപ്പോള്‍ അതുവരെ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവമതികള്‍ക്കും വിധേയമായ ജനതകള്‍ ഒന്നൊന്നായി ഇസ്‌ലാമിന്റെ കുടക്കീഴില്‍ അണിനിരക്കാന്‍ അഹമഹമികയാ മുന്നോട്ട് വന്നു. അതുവരെ കത്തോലിക്കാ ചര്‍ച്ചിന്റെ മതഭ്രാന്തിനും കാപട്യങ്ങള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കും ഇരകളായി ക്രിസ്ത്യന്‍ വിശ്വാസികള്‍ വീര്‍പ്പുമുട്ടുകയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം എന്ന നിലയില്‍ പ്രജകളുടെ മേല്‍ യാഥാസ്തികവും അന്ധവിശ്വാസ ജഡിലവുമായ ആചാരാനു ഷ്ഠാനങ്ങള്‍ കൊണ്ട് പുരോഹിത വര്‍ഗ്ഗം ക്രൂശിക്കുകയായിരുന്നു. പോപ്പും പൗരോഹിത്യവും സാന്മാര്‍ഗ്ഗികമായി ദുഷിച്ചതിന്റെ ഭവിഷ്യത്ത് കെട്ടിയേല്‍പ്പിക്കപ്പെട്ടത് വിശ്വാസികളുടെ മേലാണ്. അരമനകള്‍ ആഭാസങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചത് മാത്രമായിരുന്നില്ല പ്രശ്‌നം; വികലമാക്കപ്പെട്ട വേദഗ്രന്ഥം മറയാക്കി സ്വേഛാധിപതികളും അക്രമകാരികളുമായ ഭരണകൂടങ്ങളുടെ പിണിയാളുകളായി മതാധികാരികള്‍ അധഃപതിച്ചു.
ക്രൈസ്തവരോടുള്ള മാത്സര്യത്തില്‍ യഹൂദ പുരോഹിതരും യാഥാസ്ഥിതികത്വത്തിന്റെ ഉരുക്കു കോട്ടകള്‍ പണിതു. അഗ്നിയാരാധകരായ സൊറാസ്റ്റ്യന്‍ വിഭാഗമാവട്ടെ കടുത്ത അസഹിഷ്ണുതയോടെ തീ നാളങ്ങളാല്‍ യുക്തി ചിന്തയെ കരിച്ചു കളഞ്ഞു. സങ്കല്‍പ ദൈവങ്ങള്‍ തമ്മില്‍ കലാപം കൂട്ടിയ ചരിത്രത്തിലെ ഏററവും സങ്കീര്‍ണ്ണമായ ആത്മീയ പ്രതിസന്ധിയുടെ കൂരിരുട്ടിലേക്കാണ് തൗഹീദിന്റെ കൈ വിളക്കുമായി മുഹമ്മദ് മുസ്തഫ (സ്വ) കടന്നു ചെല്ലുന്നത് അപ്പോഴും തന്റെ മുന്‍ഗാമികളായ പ്രവാചകന്മാരുടെ ധര്‍മ്മോപദേശങ്ങളെയും കര്‍മ്മ വീഥിയെയും പ്രവാചകന്‍ തള്ളിപ്പറഞ്ഞില്ല. എന്നല്ല, ആ പാത അംഗീകരിക്കാനും മുന്‍പേ ചരിച്ച പുണ്യാളന്മാരെ ആദരിക്കാനും കല്‍പിച്ചു. ദൈവ നിയോഗിത വേദ ഗ്രന്ഥങ്ങളെ അംഗീകരിച്ചു കൊു തന്നെ അത് വികൃതമാക്കപ്പെട്ടതിന്റെ കഥ വിവരിച്ചു കൊടുത്തു. ചിന്തയെ പ്രോത്സാഹിപ്പിച്ചു. നിരീക്ഷണത്തെ സത്യാന്വേ ഷണത്തിന്റെ ശാസ്ത്രീയ ഉപാധിയാക്കാന്‍ ആജ്ഞാപിച്ചു. ജ്ഞാനോദയത്തിലൂടെ പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്കും മനുഷ്യ സൃഷ്ടിപ്പിന്റെ നിഗൂഢതകളിലേക്കും ധിഷണയെ വ്യവഹരിക്കാന്‍ പഠിപ്പിച്ചു. അതിനു പ്രോത്സാഹനം നല്‍കി. പ്രപഞ്ചത്തെ അവനിലേക്കടുപ്പിച്ചു. പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള കിളിവാതില്‍ മലര്‍ക്കെ തുറന്നു വെച്ചു. ഗ്രീക്കു തത്വചിന്തകള്‍ അതുവരെ തുടര്‍ന്നു വന്ന നിഗമനാധിഷ്ഠിതമായ ഗവേഷണ ശീലത്തിന്റെ അശാസ്ത്രീയത പൊളിച്ചു കാട്ടി. നിരീക്ഷണത്തിന്റെ കഠിന സാധനയിലൂടെ വസ്തു നിഷ്ഠമായി അപഗ്രഥിച്ച് സത്യം കണ്ടെത്തുന്ന രീതിയെ ശാസ്ത്ര ലോകത്തിനു ഇസ്‌ലാം സമ്മാനിച്ചു. ആല്‍ക്കമിയും ആള്‍ജിബ്രയും ഗോള ശാസ്ത്രവും മുന്നൂ നൂറ്റാു കൊണ്ട് വളര്‍ന്നു വികസിക്കുന്നത് അനുയോജ്യമായ ഈ കാലാവസ്ഥയിലാണ്.
മിന്നല്‍ പിണര്‍പോലെ
കാലം ദൈവദൂതനെ കാത്തിരിക്കുകയായിരുന്നു എന്നതിന്റെ തെളിവാണ് നൊടിയിടകൊണ്ട് അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍. മിന്നല്‍ പിണര്‍ പോലെയാണ് തൗഹീദിന്റെ പ്രകാശം അഷ്ട ദിക്കുകളിലേക്കും വ്യാപിച്ചത്. എ.ഡി. 610 ലാണ് പ്രവാചകര്‍ പ്രബോധനം തുടങ്ങുന്നതെന്ന് പറഞ്ഞുവല്ലോ. കൃത്യം ഒരു നൂറ്റാണ്ട് കൊണ്ട് 710 ആകുമ്പോഴേക്കും ഇസ്‌ലാം അന്നറിയപ്പെട്ട ലോകത്തെ മുഴുവന്‍ (അമേരിക്ക, ആസ്‌ത്രേലിയ വന്‍കരകള്‍ കണ്ടു പിടിച്ചിരുന്നില്ല) അതിന്റെ സ്വാധീന വലയത്തില്‍ കൊണ്ടു വന്നു. ഹിജ്‌റഃ പ്രതിനിധാനം ചെയ്യുന്ന തൗഹീദിന്റെ പലായനം പിന്നീടൊരിടത്തും നിന്നിട്ടില്ല. അററ്‌ലാന്റിക് മുതല്‍ ഓക്‌സസ് നദിവരെ, സ്‌പെയിന്‍ മുതല്‍ സിന്ധു വരെ എത്ര അനായാസമാണ് ഇസ്‌ലാമിക ദര്‍ശനവും സംസ്‌കാരവും പരന്നൊഴുകിയത്. ആദ്യം മദീന, പിന്നെ ലോക നാഗരികതകളുടെ മററ് കുറെ മദീനകള്‍ ഡമസ്‌കസ്, നിഷാപൂര്‍, സമര്‍ക്കന്ദ്, ബുഖാറ, ദല്‍ഹി……. ഇന്നും തുടരുന്ന അനന്തമായ യാത്ര. റോമന്‍, ഗ്രീക്ക്, ബൈസന്റയിന്‍ നഗരങ്ങള്‍ ചീട്ടു കൊട്ടാരം പോലെ ഇസ്‌ലാമിന്റെ മുന്നില്‍ വീഴുന്നു. ആ കാഴ്ച ക് ചരിത്രകാരനായ എഡ്വേഡ് ഹിബ്ബന്‍ ചോദിക്കുന്നു;മുഹമ്മദിന്റെ കൈയിലെ അല്‍ഭുത ആയുധം എന്തായിരുന്നു?
റോമാ സാമ്രാജ്യത്തിന്റെ പതനം വിവരിക്കുന്ന ബൃഹത് ഗ്രന്ഥ സമാഹാരത്തില്‍ ഒരധ്യായം ഗിബ്ബണ്‍ മാററിവെച്ചിരിക്കുന്നത് ഇസ്‌ലാമിന് വേണ്ടിയാണ്. പ്രവാചകന്റെ വ്യക്തി മാഹാത്മ്യം വര്‍ണ്ണിക്കാനാണ്. ഇസ്‌ലാം കൈവരിച്ച വിപ്ലവ നേട്ടങ്ങളുടെ ഗരിമ എടുത്തുകാട്ടാനാണ്. പ്രവാചകന്റെ സ്വാധീനത്തെക്കുറിച്ച് ഗിബ്ബണ്‍ തുടങ്ങുന്നതിങ്ങനെ: The talents of Muhammad are entitled to an applaure; but his success has, perhaps too strongly attracted our admiraion (The Declline and Fall of the Roman Empire Edward Gibban)
ഇസ്‌ലാമിന്റെ ആഗമം ജീര്‍ണ്ണതയില്‍ നിമഗ്‌നമായ റോമന്‍ നാഗരികതയുടെ കടയ്ക്ക് കത്തിവെച്ചു വെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിക്കുന്നു. സാമ്രാജ്യത്തിന്റെ രാമത്തെ ഏററവും വലിയ നഗരമായ അലക്‌സാ്‌റിയ രാം ഖലീഫ ഉമറിന്റെ (റ) കാലത്ത് കീഴടങ്ങിയപ്പോള്‍ ആഫ്രിക്കയിലേക്കും ആന്തലൂസിയയിലേക്കുമുള്ള കവാടമാണ് തുറക്കപ്പെടുന്നതെന്ന് ആരും നിനച്ചിട്ടുാവില്ല.
അധഃസ്ഥിതന്റെ ഉണര്‍ത്തുപാട്ട്
ഭരണവും പോരാട്ടവുമായിരുന്നു പഴയ ലോകത്ത് ആഢ്യകുലത്തിന്റെ അംഗീകൃത തൊഴില്‍. കൃഷിയും കച്ചവടവും കീഴാളന് നീക്കിവെച്ച മേഖലയായിരുന്നു. റോമിലും ഇന്ത്യയിലും അവസ്ഥ ഭിന്നമായിരുന്നില്ല. അഭിജാത കുലത്തിനു വേണ്ടി അധഃസ്ഥിതര്‍ ജീവിക്കുന്നു എന്ന വഴിപിഴച്ച കാഴ്ചപ്പാടിന്മേലായിരുന്നു സാമൂഹിക വ്യവസ്ഥ തന്നെ കെട്ടിപ്പടുത്തത്. മനുഷ്യരെ വിവിധ ശ്രേണികളില്‍ പിടിച്ചുകെട്ടി, മോചനത്തിന്റെ പഴുതുകള്‍ അടക്കാന്‍ ഓരോ പ്രദേശത്തും ലിഖിതവും അലിഖിതവുമായ നിയമസംഹിതകളുായിരുന്നു. പൗരോഹിവും ചൂഷണങ്ങള്‍ക്ത്യവും ഭരണ വര്‍ഗ്ഗവും ആഢ്യന്‍മാരും ചേര്‍ന്ന ഈ കൂട്ടുകെട്ടാണ് മനുഷ്യനെ എക്കാലക് ഇരയാക്കിയത്.
പ്രവാചകന് അനീതിയുടെ ഈ കരിങ്കല്‍ കോട്ട നിഷ്പ്രയാസം തകര്‍ക്കാനായത് ഖുര്‍ആന്റെ മനുഷ്യത്വത്തിലൂന്നിയ ജീവിത വികാസങ്ങളെ ആയുധമാക്കിയാണ്. തൊഴിലിന് മഹത്വം കല്‍പിച്ചു. കൃഷി ആരാധനയായി ഉയര്‍ത്തിക്കാട്ടി. അധ്വാനത്തിന്റെ മൂല്യം അനര്‍ഘമാണെന്ന് വിധിച്ചു. തൊഴിലാളിയുടെ ആവകാശങ്ങള്‍ പ്രഖ്യാപിച്ചു. അവന്റെ വിയര്‍പ്പ് ആറുന്നതിന്ന് മുമ്പ് പ്രതിഫലം നല്‍കണമെന്ന് അനുശാസിച്ചു. ഈ വിപ്ലവ പുരോഗമന ആശയങ്ങളുടെ അനന്തരഫലം പൊടുന്നനെ ലോക സാമ്പത്തിക തൊഴില്‍ മേഖലയില്‍ ദൃശ്യമായി. എങ്ങും കൃഷി പ്രോത്സാഹിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര വാണിജ്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. വെനീസിലെ കച്ചവടക്കാരന്റെ അമിത ലാഭേച്ഛയുടെ സ്ഥാനത്ത് സ്‌നേഹവും സൗഹൃദവും കൈമാറുന്ന പുതിയ കച്ചവട സംസ്‌കാരം നിലവില്‍ വന്നു. ചൈന മുതല്‍ യൂറോപ്പ് വരെ കരയും കടലും വഴിയുള്ള വ്യാപാരം അറബികളുടെ വരുതിയിലായി. പുതിയ പുതിയ തുറമുഖങ്ങള്‍ തുറക്കപ്പെട്ടു. കടല്‍ കൊള്ളക്കാരെ ഭയപ്പെടേതില്ലാത്ത അവസ്ഥ വന്നു.
യുദ്ധത്തിന്റെ നാളുകള്‍ക്ക് വിട നല്‍കി. ലോക ക്രമത്തില്‍ പ്രകടമായ, കാതലായ മാററം. ഗ്രീക്ക്-റോമന്‍ സാമ്രാജ്യങ്ങളുടെ നൈസര്‍ഗ്ഗീക ഭാവം കടന്നു കയററത്തിന്റെതും പിടിച്ചെടുക്കലിന്റെതുമായിരുന്നു. അലക്‌സാര്‍ മഹാനായത് ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചായിരുന്നില്ല. നിഷ്ഠൂരമായ സൈനിക പരാക്രമം പ്രദര്‍ശിപ്പിച്ചായിരുന്നു. പ്രവാചകന്‍ യുദ്ധ നിയമം കൊണ്ടു വന്നു. പ്രതിരോധത്തിലായിരുന്നു അതിന്റെ ഊന്നല്‍. സിവിലയന്മാരെയും നിരപരാധികളെയും ജന്തു ജാലങ്ങളെയും പ്രകൃതിയെയും നോവിക്കാതെ യുദ്ധം പൂര്‍ത്തീകരിക്കണമെന്ന് പഠിപ്പിച്ചു. ജീവഹാനി പരമാവധി കുറച്ചു കൊണ്ടുള്ള ഒരു യുദ്ധമുറ ശീലിപ്പിച്ചു. അതുകൊണ്ടു തന്നെ മുസ്‌ലിം സൈനികരെ വിമോചകരായി ജനം കുണ്ടു കാര്യമായ ചെറുത്തു നില്‍പില്ലാതെയാണ് രാജ്യങ്ങളും ജനപദങ്ങളും ഓരോന്നോരാന്നായി ഇസ്‌ലാമിക റിപ്പബ്‌ളിക്കിന്റെ ഭാഗമായത്. മുഹമ്മദ്ബ്‌നു ഖാസിം എ.ഡി. 710 ല്‍ ഇങ്ങ് സിന്ധിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ബ്രാഹ്മണ രാജാവിനു കീഴില്‍ ശ്വാസം മുട്ടി കിടക്കുന്ന ബുദ്ധ ജൈന മതക്കാരായിരുന്നു. മെസപ്പൊട്ടേമിയയിലും പേര്‍ഷ്യയിലും ജനങ്ങള്‍ ഭരണ കൂട ഭീകരതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോചന മാര്‍ഗ്ഗം കാത്തിരിക്കുമ്പോഴാണ് ഇസ്‌ലാം പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കടന്നു വന്നത്. ബൈസന്റയില്‍ രാജാക്കന്മാര്‍ അമിത നികുതി ഏര്‍പ്പെടുത്തി കച്ചവടക്കാരെയും കൃഷിക്കാരെയും പൊറുതിമുട്ടിച്ച അപരിഷ്‌കൃത കാലഘട്ടത്തിലാണ് ലോക വ്യാപാരത്തിന്റെ അനിയന്ത്രിത പാത തുറന്നുവെച്ച് മുസ്‌ലിം വ്യവസ്ഥിതിയിലേക്ക് അവരും ചേര്‍ക്കപ്പെടുന്നത്.
പ്രവാചകന്‍ സാക്ഷാത്കരിച്ച ആദര്‍ശ വിപ്ലവത്തിന്റെ വ്യാപ്തി ഗ്രഹിക്കണമെങ്കില്‍ പഴയ നാഗരികതയില്‍ സ്ത്രീജനം അനുഭവിച്ച ദുരിതങ്ങളും അവകാശ നിഷേധങ്ങളും എത്ര കഠോരമാണെന്ന് അന്വേഷിക്കണം. ഗ്രീക്ക് റോമന്‍ പേര്‍ഷ്യന്‍ സംസ്‌കാരങ്ങളിലെല്ലാം സ്ത്രീക്ക് ഒരു തരത്തിലുള്ള അവകാശങ്ങളും വകവെച്ചു കൊടുത്തിരുന്നില്ല. ചന്തയിലെ പലമാതിരി ചരക്കുകകളില്‍ ഒരിനം മാത്രമായിരുന്നു ഈ ദുര്‍ബ്ബല വിഭാഗം. സ്വത്തവകാശത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്ക് കെല്‍പില്ലായിരുന്നു. വിവാഹ മോചനത്തിന് പഴുതുായിരുന്നില്ല. അവളുടെ ചാരിത്ര്യം സൂക്ഷിക്കാന്‍ ഗ്രീക്കുകാര്‍ കുണ്ടു പിടിച്ച മാര്‍ഗ്ഗം പൂട്ടാനും തുറക്കാനും സംവിധാനമുള്ള ഒരു ബെല്‍ററായിരുന്നു. അവളുടെ ഗുഹ്യസ്ഥാനത്തിനു പോലും അവള്‍ക്ക് അവകാശമില്ലാത്ത അവസ്ഥ. മുഹമ്മദ് നബി എല്ലാ ചങ്ങലക്കുടുക്കില്‍ നിന്നും സ്ത്രീ വിഭാഗത്തെ മോചിപ്പിച്ചു. അന്തസ്സാര്‍ന്ന അസ്തിത്വം വാഗ്ദാനം ചെയ്ത് അവരുടെ ശാരീരിക സുരക്ഷിതത്വം ഭദ്രമാക്കി. അവളുടെ മാനാപമാന ബോധത്തെ അംഗീകരിച്ചു. കുടുംബത്തിന്റെ നെടും സ്തംഭമായി സ്ത്രീ പ്രകീര്‍ത്തിക്കപ്പെട്ടു. സ്വത്തുടമാവകാശവും അനന്തിരാവകാശവും വകവെച്ചു കൊടുത്തു. പടിഞ്ഞാറന്‍ ലോകം പോലും സ്ത്രീകള്‍ക്ക് പൗര സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറായത് അടുത്ത കാലത്താണ്. 1870 ലാണ് ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശം ലഭിക്കുന്നത്. വോട്ടവകാശം ലഭിച്ചതോ, ബ്രിട്ടനില്‍ 1918 ലും അമേരിക്കയില്‍ 1928 ലും ഫ്രാന്‍സില്‍ 1944 ലും സ്വിററ്‌സര്‍ലാില്‍ 1971 ലും. 1960 കള്‍ വരെ കറുത്ത വര്‍ഗ്ഗക്കാരന് വെള്ളക്കാരിയെ വിവാഹം കഴിക്കാന്‍ യു.എസ് നിയമം അനുവദിച്ചിരുന്നില്ല.
ഇന്നും പ്രസക്തം
പ്രവാചകന്‍ അന്ന് വിഭാവന ചെയ്ത ലോകക്രമത്തിന്റെ ഇന്നത്തെ പ്രസക്തിയിലേക്കാണ് ഈ അന്വേഷണം വിരല്‍ ചൂുന്നത്. 1400 വര്‍ഷം മുമ്പ് ഭൂമുഖത്ത് നിലനിന്ന രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക അവസ്ഥയെക്കാള്‍ പതിന്മടങ്ങ് ജീര്‍ണ്ണിതമാണ് ഇന്നത്തെ ലോകം. നീതി ചോര്‍ത്തപ്പെട്ട ഒരു ലോകക്രമത്തിന്റെ വന്ദ്യതയില്‍ മനുഷ്യരാശി കടുത്ത പ്രധിസന്ധി നേരിടുന്നു. അന്ന് റോമാ സാമ്രാജ്യമാണെങ്കില്‍ ഇന്ന് അമേരിക്കന്‍ സാമ്രാജ്യം. ഒരേ തൂവല്‍ പക്ഷികളെപ്പോലെ യൂറോപ്പും ഇസ്രായേലും. മാനവ ശത്രുക്കള്‍ പടിഞ്ഞാറോട്ടു മാറി എന്ന വ്യത്യാസം മാത്രം. ഇത് അനിവാര്യമാക്കുന്നത് അന്ന് ഇരുട്ടു വകഞ്ഞു മാററിയ വെളിച്ചത്തിന്റെ തിരിച്ചുവരവാണ്. അല്ലെങ്കില്‍ തൗഹീദ് നശ്വരമാണെന്ന സത്യനിഷേധികളുടെ വാദം ശരിവെക്കപ്പെടുകയില്ലേ?


04:53 | Posted in | Read More »

പ്രവാചകന്റെ കുട്ടിക്കാലം

ക്രിസ്താബ്ദം 571 ഏപ്രില്‍ 20-ാം തീയതി ഗജവര്‍ഷം ഒന്നാം കൊല്ലം, റബീഉല്‍ അവ്വല്‍ 12-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ ആമിനയുടെ പുത്രനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മക്കയില്‍ ജനിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിതാവായ അബ്ദുല്ല അന്തരിച്ചതിനാല്‍ ജനിക്കുമ്പോള്‍ തന്നെ നബി ഒരു അനാഥശിശുവായിരുന്നു. പൈതൃകമായി ലഭിച്ച സ്വത്ത് അഞ്ച് ഒട്ടകവും ഏതാനും ആടുകളും ഒരു പരിചാരികയുമായിരുന്നു
പിതാമഹനായ അബ്ദുല്‍ മുത്വലിബ് മക്കയില്‍ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു. ഒരു വലിയ കുടുംബത്തെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ തന്റെ അനാഥ പൌത്രനെ അദ്ദേഹം അതിയായി സ്നേഹിച്ചു. തന്റെ വാത്സല്യ പുത്രനായ അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം മൂലം ഉളവായ അപാരദുഃഖത്തിന് ആ ഓമനക്കുഞ്ഞിന്റെ കോമള വദന ദര്‍ശനം ഏതാണ്ടൊരു ഉപശാന്തി വരുത്തിയിരുന്നു. ആമിനയുടെ പ്രസവ വിവരം കേട്ടയുടനെ അബ്ദുല്‍ മുത്വലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅ്ബയില്‍ കൊണ്ടുപോയി മുഹമ്മദ് എന്നു നാമകരണം ചെയ്തു.
കുഞ്ഞിന് പേരിട്ട ശേഷം അബ്ദുല്‍ മുത്വലിബ് അതിനെ കൊണ്ടുവന്ന് ആമിനയെ ഏല്‍പ്പിച്ചു. അക്കാലത്ത് അറേബ്യയിലെ കൂലീനകുടുംബക്കാര്‍ ചെയ്യാറുണ്ടായിരുന്നതുപോലെ, ബനൂസഅ്ദ് ഗോത്രത്തിലെ വളര്‍ത്തമ്മമാര്‍ മക്കയില്‍ വരുമ്പോള്‍ കുഞ്ഞിനെ അവരിലൊരാളെ ഏല്‍പ്പിക്കണമെന്നും അബ്ദുല്‍ മുത്വലിബ് ഉദ്ദേശിച്ചിരുന്നു. കുട്ടി ജനിച്ച് ഏഴാം ദിവസം പിതാമഹന്‍ ഒരു വലിയ വിരുന്നു സംഘടിപ്പിച്ചു. ഖുറൈശി ഗോത്രത്തലവന്മാരെല്ലാം അതില്‍ സംബന്ധിച്ചിരിക്കുന്നു. വിരുന്നു കഴിഞ്ഞപ്പോള്‍ പാരമ്പര്യമനുസരിച്ചുള്ള ഏതെങ്കിലും പേര് നല്‍കാതെ കുഞ്ഞിന് മുഹമ്മദ് എന്നു പുതിയ പേര് നല്‍കിയതെന്താണെന്ന് അവര്‍ അബ്ദുല്‍ മുത്വലിബിനോട് ചോദിച്ചു. അതിന് അബ്ദുല്‍ മുത്വലിബ് നല്‍കിയ മറുപടി: അല്ലാഹുവിന് വേണ്ടി അവന്‍ സ്വര്‍ഗ്ഗത്തിലും, സൃഷ്ടികള്‍ക്കു വേണ്ടി ഭൂമിയിലും സ്തുതിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു.
കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുന്നതിനു ബനൂസഅ്ദിലെ വളര്‍ത്തമ്മമാര്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു ആമിന. അതിനിടയില്‍ നബിയുടെ ഒരു പിതൃസഹോദരനായ അബൂലഹബിന്റെ സുവൈബിയ എന്ന പരിചാരികയായിരുന്നു കുഞ്ഞിനു മുലകൊടുത്തുകൊണ്ടിരുന്നത്. ഇവര്‍ ഏതാനും ദിവസങ്ങള്‍ മാത്രമെ നബിക്കു മുലയൂട്ടിയിരുന്നുള്ളൂവെങ്കിലും നബി അവരെ അതിയായി സ്നേഹിക്കുകയും. മരിക്കുന്നതു വരെ കൂടെക്കൂടെ അവരെ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു.
ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, പതിവു പോലെ ബനൂസഅ്ദിലെ വളര്‍ത്തമ്മമാര്‍ മക്കത്തെത്തി. അനാഥ ശിശുക്കളെ വളര്‍ത്തുവാന്‍ അവര്‍ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം ഒരു പിതാവില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം ഒരു മാതാവില്‍ നിന്നു ലഭിക്കാനിടയില്ലെന്നായിരുന്നു അവരുടെ ധാരണ. തന്മൂലം നബിയെ സ്വീകരിക്കാന്‍ അവരില്‍ ആരും തയ്യാറായില്ല.
ഈ വളര്‍ത്തമ്മമാരില്‍ ഒരുത്തി ബനൂസഅ്ദില്‍പ്പെട്ട ശുഐബിന്റെ പുത്രി ഹലീമയായിരുന്നു. അനാഥക്കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഇവര്‍ക്കും ആദ്യം സമ്മതമില്ലായിരുന്നു. ദരിദ്രയായ അവള്‍ ക്ഷീണിതയുമായിരുന്നു. അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് മുലകൊടുത്തു വളര്‍ത്തുന്നതിന് ഹലീമയെ ഏല്‍പ്പിക്കാന്‍ അവിടെയുള്ള മാതാക്കളാരും തുനിഞ്ഞില്ല. അപ്രകാരം നബിക്ക് ഒരു വളര്‍ത്തമ്മയെ ലഭിക്കാത്തതുപോലെ തന്നെ ഹലീമക്ക് ഒരു വളര്‍ത്തുകുഞ്ഞിനെയും ലഭിച്ചില്ല. സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോകാന്‍ പുറപ്പെടുമ്പോള്‍ ഹലീമ അവരുടെ ഭര്‍ത്താവായ ഹാരിസിനോട് പറഞ്ഞു: ഒരു വളര്‍ത്തുകുഞ്ഞിനെ കൂടാതെ മറ്റുള്ളവരെപ്പോലെ വീട്ടിലേക്കു മടങ്ങാന്‍ എനിക്കതിയായ വിഷമമുണ്ട്. അല്ലാഹുവാണ് സത്യം! ഞാനീ അനാഥകുഞ്ഞിനെ തന്നെ ഏറ്റെടുക്കാന്‍ പോവുകയാണ്. അതിന് ഹാരിസ് ഇങ്ങനെ മറുപടി പറഞ്ഞു: അതു തന്നെയാണ് നീ ചെയ്യേണ്ടത്. ഒരു പക്ഷേ, ഈ കുഞ്ഞിന്റെ സാന്നിധ്യം നിമിത്തം അല്ലാഹു നമ്മെ അനുഗ്രഹിച്ചേക്കും. അപ്രകാരം ഹലീമയും ഭര്‍ത്താവും കുഞ്ഞിനെ മരുഭൂമിയിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവര്‍ വീട്ടിലെത്തിയതു മുതല്‍ അവരുടെ ആടിന് പാല് വര്‍ദ്ധിക്കുകയും മറ്റു പലവിധത്തിലും അവരുടെ ഐശ്വര്യം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്തതായി ഹലീമാബീവി പറയാറുണ്ടായിരുന്നു.
രണ്ടു കൊല്ലം നബി ഹലീമയുടെ വീട്ടില്‍ കഴിഞ്ഞു. അവരുടെ മകള്‍ ശയ്മയായിരുന്നു നബിയെ ശുശ്രൂഷിച്ചിരുന്നത്. മരുഭൂമിയിലെ ഉന്മേഷദായകമായ അന്തരീക്ഷവും കാറ്റും വെയിലും ഏറ്റുകൊണ്ടുള്ള ജീവിതവും കുഞ്ഞിന്റെ സ്വതവേ ബലിഷ്ഠവും സുദൃഢവുമായ ശരീരവളര്‍ച്ചക്കു ഏറ്റവും അനുയോജ്യമായി. ദൃഢഗാത്രനും കോമളനുമായി വളര്‍ന്നു. കരാറനുസരിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഹലീമ കുട്ടിയെ ആമിനയുടെ അടുക്കല്‍ കൊണ്ടു വന്നു. എന്നാല്‍ ആ രണ്ടു മാതാക്കള്‍ക്കും തമ്മിലുണ്ടായ സ്നേഹ ബഹുമാനങ്ങള്‍ നിമിത്തവും, ഹലീമാബീവിക്ക് വളര്‍ത്തുപുത്രനോടുള്ള സ്നേഹാധിക്യം കാരണമായും വീണ്ടും രണ്ടുകൊല്ലത്തേക്കു കൂടി കുട്ടിയെ അവര്‍ സ്വഗൃഹത്തിലേക്ക് തന്നെ കൊണ്ടുപോയി.
അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്നതുവരെ നബി ഹലീമയുടെ കൂടെ മരുഭൂമിയില്‍ കഴിഞ്ഞുകൂടി. ആ ബാല്യകാലത്ത് പ്രധാനമായി അവിടുന്ന് സമ്പാദിച്ചത് വിശപ്പും ദാഹവും സഹിക്കുവാനും അത്യദ്ധ്വാനം ചെയ്യാനും കഴിവുള്ള ആരോഗ്യദൃഢതയായിരുന്നു. കൂടാതെ സ്വാതന്ത്യ്ര തൃഷ്ണയും മനോദാര്‍ഢ്യവും നബിയില്‍ വേരുറച്ചു. അറബിഭാഷയുടെ കലര്‍പ്പില്ലാത്ത ശുദ്ധശൈലിയും ആ മരുപ്രദേശത്തു നിന്ന് കരസ്ഥമായി.
ആറാമത്തെ വയസ്സില്‍ നബി മാതാവിന്റെ അടുക്കല്‍ തിരിച്ചെത്തി. ഹലീമയോടും കുടുംബത്തോടുമുള്ള നബിയുടെ സ്നേഹം അതീവ ഊഷ്മളവും സ്ഥിരവുമായിരുന്നു. ജീവിതാവസാനം വരെ ഈ സ്നേഹബഹുമാനാദരവുകള്‍ നിലനിന്നു. നബിയുടെ വിവാഹാനന്തരം അറേബ്യയില്‍ ഒരു ക്ഷാമമുണ്ടായി. തദവസരത്തില്‍ ഹലീമ നബിയെ സന്ദര്‍ശിച്ചു. മടങ്ങിപ്പോരുമ്പോള്‍ നബി അവര്‍ക്കു ചരക്കു കയറ്റിയ ഒരു ഒട്ടകത്തെയും നാല്‍പ്പത് ആടിനെയും സമ്മാനിക്കുകയുണ്ടായി. ഹലീമാബീവി നബിയുടെ സമീപത്തെത്തുമ്പോഴൊക്കെ അവരോടുള്ള സ്നേഹാദരവുകള്‍ മൂലം നബി സ്വന്തം ഉത്തരീയമെടുത്ത് ഇരിക്കാനായി അവര്‍ക്കു വിരിച്ചുകൊടുക്കുക പതിവായിരുന്നു. ത്വാഇഫ് പ്രതിരോധത്തിനുശേഷം തടവുകാരാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഹലീമാബീവിയുടെ പുത്രി ശയ്മയുമുണ്ടായിരുന്നു. നബിയുടെ മുമ്പാകെ അവരെ കൊണ്ടുവന്നപ്പോള്‍, നബി അവരെ തിരിച്ചറിയുകയും അവരെ ബഹുമാനപൂര്‍വ്വം അവരുടെ ആഗ്രഹമനുസരിച്ച് സ്വഗൃഹത്തിലേക്കു മടക്കി അയക്കുകയും ചെയ്തു.
ആറാമത്തെ വയസ്സില്‍ മാതാവിന്റെ അടുക്കല്‍ മടങ്ങിയെത്തിയ നബിയെ ആമിനാബീവി സ്നേഹമസൃണമായി പരിലാളിച്ചു. അബ്ദുല്‍ മുത്വലിബ് പൌത്രനെ സ്വന്തം സംരക്ഷണത്തില്‍ കൊണ്ടുനടക്കുക മാത്രമല്ല, സ്നേഹവാത്സല്യങ്ങള്‍ ചൊരിയുകയും ചെയ്തു. സദാ സമയവും അദ്ദേഹത്തിന്റെ ശ്രദ്ധ ആ ഓമനബാലനില്‍ പതിഞ്ഞു. പിതാവില്ലാത്ത അനാഥത്വം കുട്ടിയെ ഒരിക്കലും ശല്യപ്പെടുത്തരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
അത്യധികം ആനന്ദസന്ദായകമായ ജീവിതമായിരുന്നു അക്കാലത്ത് നബിയും മാതാവും പിതാമഹനും നയിച്ചിരുന്നത്. പക്ഷേ, ഈ ആനന്ദജീവിതം അധികകാലം തുടരാനായില്ല. തന്റെ ഏകസന്താനത്തെ ഭര്‍ത്താവിന്റെ മാതൃസഹോദരീസഹോദരന്മാര്‍ക്കു പരിചയപ്പെടുത്താന്‍ ആമിനാബീവി അതിയായി ആഗ്രഹിച്ചു. ഉമ്മുഅയ്മന്‍ എന്ന പരിചാരികയെയും കൂട്ടി മാതാവും പുത്രനും മദീനയിലേക്കു പുറപ്പെട്ടു. വഴിക്കുവെച്ച് പിതാവ് മരിച്ച വീടും അദ്ദേഹത്തെ ഖബറടക്കിയ സ്ഥലവും ആമിനാബീവി പുത്രനു കാണിച്ചുകൊടുത്തു. പിതാവിനെക്കുറിച്ചുള്ള പല കഥകളും മാതാവ് പുത്രനു പറഞ്ഞുകൊടുത്തു. മദീന യാത്രയിലെ സംഭവങ്ങളെല്ലാം വളരെക്കാലത്തിനു ശേഷം ഓര്‍ക്കുകയും അവയെപ്പറ്റി പില്‍ക്കാലത്ത് പലപ്പോഴും അനുയായികളോട് വിശദീകരിക്കുകയും ചെയ്തിരുന്നു. താനൊരു അനാഥ ബാലനാണെന്നുള്ള യാഥാര്‍ഥ്യം അക്കാലത്തു തന്നെ നബിയുടെ മനസ്സില്‍ രൂഢമൂലമാവുകയും ചെയ്തു.
ആമിനാബീവിയും മകനും ഒരു മാസക്കാലമേ മദീനയില്‍ താമസിച്ചിരുന്നുള്ളൂ. പരിചാരികയായി ഉമ്മുഅയ്മനുമായി അവര്‍ പുത്രനോടൊപ്പം മക്കത്തേക്കു പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ അബവാഅ് എന്ന സ്ഥലത്തുവച്ച് ആമിനാബീവി രോഗബാധിതയാവുകയും അവിടെ വച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അവരെ അവിടെ തന്നെ ഖബറടക്കിയ ശേഷം ദുഃഖിതനായ ബാലനും പരിചാരികയും യാത്ര തുടര്‍ന്നു. ആറുവയസ്സു പോലും പൂര്‍ത്തിയാകാത്ത ആ അനാഥബാലന്‍ അനുഭവിച്ച ദുഃഖങ്ങള്‍ എത്രമാത്രം വേദനാജനകമാണെന്നോ! പിതാവും മാതാവും നഷ്ടപ്പെട്ടു. സഹോദരീ സഹോദരന്മാരായി ആരുമില്ല. സ്വപിതാവിന്റെ മുഖദര്‍ശനം പോലും ലഭിച്ചിട്ടില്ല. ഇപ്പോള്‍ മാതാവിന്റെ മരണവും.
മക്കത്തെത്തിയ പൌത്രനെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഏതിരേറ്റത്. സ്വന്തം മകനെപ്പോലെ വാത്സല്യത്തോടെ പൌത്രനെ വളര്‍ത്തി. കഅ്ബയുടെ തണലില്‍ അബ്ദുല്‍ മുത്വലിബിന് വിരിപ്പു വിരിച്ചിരിക്കും. അദ്ദേഹത്തിന്റെ പുത്രന്മാര്‍ വിരിപ്പിന്റെ ഓരത്ത് ഒതുക്കത്തോടെ ഇരിക്കും. നബി തിരുമേനി അവിടെ വരുമ്പോള്‍ നേരെ വിരിപ്പിലേക്കാണ് ചെല്ലുക. അതുകാണുമ്പോള്‍ പിതൃവ്യന്മാര്‍ കുട്ടിയെ പിടിച്ചു തങ്ങളുടെ കൂടെ ഇരുത്താന്‍ ശ്രമിക്കും. എന്നാല്‍ അബ്ദുല്‍ മുത്വലിബ് അവരോട് പറയും. വേണ്ട, അവനെ വിടൂ. അവന്‍ എന്റെ കൂടെ തന്നെ ഇരിക്കട്ടെ. എന്റെ ഈ പ്രിയപുത്രന്‍ വലിയ മഹാനായിത്തീരും. എന്നിട്ട് കുട്ടിയെ തന്നോടൊപ്പം പിടിച്ചിരുത്തി സ്നേഹവാത്സല്യത്തോടെ തലോടും.
ഇപ്രകാരം പ്രിയപിതാമഹന്റെ വാത്സല്യപരിചരണത്തില്‍ നബി രണ്ടു വര്‍ഷം കഴിച്ചുകൂട്ടി. എട്ടു വയസ്സ് പ്രായമുള്ളപ്പോള്‍ വന്ദ്യവയോവൃദ്ധനായ പിതാമഹന്‍ നിര്യാതനായി. കുട്ടിയെ വളര്‍ത്താന്‍ തന്റെ മൂത്തപുത്രനും നബിയുടെ മൂത്താപ്പയുമായ അബൂത്വാലിബിനെ ഏല്‍പ്പിച്ചുകൊണ്ടാണ് അദ്ധേഹം കണ്ണടച്ചത്. അബ്ദുല്‍ മുത്വലിബിന്റെ പത്തു പുത്രന്മാരില്‍ അബൂത്വാലിബ്, അബ്ദുല്ലാഹ്, സുബൈര്‍ എന്നീ മൂവരും മാതാവും പിതാവും ഒന്നൊത്ത സഹോദരന്മാരാണ്. ഇവരുടെ മാതാവ് ഫാത്വിമ മഖ്സൂമിയ്യയാണ്.
തന്നെ പുത്രതുല്യം സ്നേഹിച്ചു ലാളിച്ചു വളര്‍ത്തിയ രക്ഷിതാവിന്റെ മൃതശരീരത്തിനു പിന്നാലെ ആ ബാലന്‍ ശ്മശാനം വരെ നടന്നു ചെന്നു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. മാതാവ് മരിച്ചപ്പോഴുണ്ടായ ദുഃഖം പോലെ തന്നെ പിതാമഹന്റെ അന്ത്യത്തിലും അതീവ ദുഃഖിതനായി. തുടര്‍ന്നുള്ള നബിയുടെ ജീവിതം അബൂത്വാലിബിന്റെ കൂടെയായിരുന്നു. തന്റെ മാതൃസ്ഥാനവും പിതൃസ്ഥാനവും ഒരുപോലെ വഹിച്ചുപോന്ന അബൂത്വാലിബിന്റെ നേര്‍ക്ക് നബിക്ക് വലുതായ ആദരവുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആദരവോടെയല്ലാതെ നബി ഒരുകാലത്തും സംസാരിച്ചിട്ടില്ല. നബി ധിഷണാശാലിയും ആര്‍ദ്രചിത്തനും വിശാലഹൃദയനും കുലീന സ്വഭാവിയുമായിരുന്നതിനാല്‍ അദ്ദേഹത്തെ അബൂത്വാലിബ് സ്വപുത്രന്മാരെക്കാള്‍ കൂടുതല്‍ സ്നേഹിച്ചിരുന്നു. പിതൃവ്യനോടൊപ്പം നബി മക്കയില്‍ തന്നെ താമസം തുടര്‍ന്നു. തീര്‍ഥാടകര്‍ക്കു ജലദാനം ചെയ്യുക, അവരെ പരിചരിക്കുക തുടങ്ങിയ പിതൃവ്യന്റെ പ്രധാന ജോലികളില്‍ കഴിയുന്ന സഹായം ചെയ്തുകൊണ്ടിരുന്നു. കുറച്ചുകാലം അദ്ദേഹത്തിന്റെ ആടുകളെ മേയ്ക്കുന്ന ജോലിയും ചെയ്തു.
നബിയുടെ പന്ത്രണ്ടാം വയസ്സില്‍ അബൂത്വാലിബ് വ്യാപാരാര്‍ഥം സിറിയയിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചു. യാത്രാക്ളേശവും മരുഭൂമിയിലൂടെയുള്ള സഞ്ചാരവും പരിഗണിച്ച് നബിയെ കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ അബൂത്വാലിബില്‍ നിന്നും പിരിഞ്ഞു നില്‍ക്കാനുള്ള വിഷമം നിമിത്തം തന്നെക്കൂടി കൊണ്ടുപോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു വ്യാപാര സംഘത്തോടൊപ്പം ഇരുവരും സിറിയയിലേക്കു പുറപ്പെട്ടു. സിറിയയുടെ തെക്കുഭാഗത്തുള്ള ബുസ്വ്റായില്‍ അവരെത്തി. അവിടെവച്ച് ബഹീറ എന്ന കൃസ്ത്യന്‍ പാതിരി നബിയെ കണ്ടപ്പോള്‍, ക്രൈസ്തവ വേദഗ്രന്ഥങ്ങളില്‍ വിവിരിച്ചിട്ടുള്ള വാഗ്ദത്ത പ്രവാചകന്റെ ലക്ഷണങ്ങള്‍ കുട്ടിയില്‍ കാണുന്നുണ്ടെന്നും, യഹൂദന്മാര്‍ ഈ ലക്ഷണങ്ങള്‍ കണ്ടു നബിയെ ഉപദ്രവിച്ചേക്കുമെന്നും അതിനാല്‍ കുട്ടിയെ സിറിയയിലേക്കു കൊണ്ടുപോകരുതെന്നും ഉപദേശിക്കുകയുണ്ടായി. ഈ വ്യാപാരയാത്രയില്‍ അബൂത്വാലിബിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ധാരാളം ലാഭം കിട്ടിയിരുന്നു. ഈ ദീര്‍ഘ യാത്രയില്‍ നിന്നും നബിക്കു നൂതനമായ പല അറിവുകളും ലഭിക്കുകയുണ്ടായി.
നബിക്കു പതിനഞ്ചു വയസ്സുള്ളപ്പോള്‍ ഒരു യുദ്ധം നേരിട്ടു കാണാനും കുറച്ചൊക്കെ അതില്‍ പങ്കെടുക്കാനും അവസരമുണ്ടായി. കിനാന, ഖൈസ് എന്നീ ഗോത്രങ്ങളും ഖുറൈശികളുമായിട്ടായിരുന്നു യുദ്ധം. ഈ യുദ്ധം ഹറമിന്റെ അതിര്‍ത്തിയും ലംഘിച്ചതിനാല്‍ അതിനു ഹര്‍ബുല്‍ ഫിജാര്‍ (പരിശുദ്ധമല്ലാത്ത യുദ്ധം) എന്ന പേര്‍ വീണു. ഈ യുദ്ധത്തില്‍ നബി വഹിച്ച പങ്ക് യുദ്ധരംഗത്ത് അങ്ങിങ്ങായി പതിക്കുന്ന അസ്ത്രങ്ങള്‍ പെറുക്കിയെടുത്ത് അബൂത്വാലിബിനെ ഏല്‍പ്പിക്കുന്ന ജോലിയായിരുന്നു. അദ്ദേഹമാണ് ഈ യുദ്ധത്തില്‍ ബനൂഹാശിമിന്റെ നേതൃത്വം വഹിച്ചത്. നബി ഏറെക്കുറെ ഒരു ദൃക്സാക്ഷിയായിട്ടു മാത്രമാണ് കഴിച്ചുകൂട്ടിയത്. പക്ഷേ, അറബികളുടെ യുദ്ധരീതികള്‍ പഠിച്ചറിയാന്‍ ഈ യുദ്ധം നബിക്ക് അവസരം നല്‍കി.
ഹര്‍ബുല്‍ ഫിജാറിനു ശേഷം ഖുറൈശികളില്‍ ബനൂഹാശിം, ബനൂഅസദ്, ബനൂതമീം മുതലായ കുടുംബക്കാര്‍ ഒത്തുചേര്‍ന്നു. ഏതു കുടുംബത്തില്‍പ്പെട്ടവരായിരുന്നാലും അക്രമിക്കപ്പെട്ട് മക്കത്തേക്കു വന്നാല്‍ അവരെ സഹായിക്കുക എന്നു പ്രതിജ്ഞയെടുക്കുകയും അതനുസരിച്ച് ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ജദ്ആന്‍ എന്നവ രുടെ വസതിയില്‍ വെച്ചാണ് ഇപ്രകാരമൊരു ഉടമ്പടി ഉണ്ടാക്കിയത്. പ്രവാചകത്വലബ്ധി ക്കു ശേഷം നബി തിരുമേനി ഇതു സംബന്ധിച്ചു പറഞ്ഞത് ഇപ്രകാരമാണ്: ആ പ്രതിജ്ഞ ചെയ്യുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. അതില്‍ എനിക്കേറെ സന്തോഷമുണ്ട്. അതുപോലെയുള്ള ഉടമ്പടി ഇനിയും ആരെങ്കിലും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഞാനും അതിനു തയ്യാറാണ്.
ജനനത്തിനു മുമ്പേ പിതാവ് മരിക്കുക, ശൈശവത്തില്‍ മാതാവ് മരിക്കുക, എട്ടുവയസ്സില്‍ തന്നെ പിതാമഹന്റെ വേര്‍പാട്, താരതമ്യേനയുള്ള ദരിദ്രജീവിതം. ഈ ദുഃഖാനുഭവങ്ങളുടെ മാധ്യത്തില്‍ സദാ നിരാഡംബരനായും, ചിന്താമഗ്നനായും കഴിഞ്ഞുപോന്ന നബി മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി പവിത്രമായ ജീവിതമാണ് നയിച്ചിരുന്നത്. സുഖഭോഗങ്ങളില്‍ അദ്ദേഹം തീരെ തല്‍പരനായിരുന്നില്ല. അറേബ്യയിലെ അന്നത്തെ യുവാക്കളുടെ അസാന്മാര്‍ഗിക ജീവിതവുമായി നബിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
പ്രവാചകത്വത്തിനു മുമ്പേ സദ്ഗുണങ്ങളില്‍ തിരുനബി മാതൃകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി അംഗീകരിക്കുന്നു. സത്യസന്ധത, വിശ്വാസദാര്‍ഢ്യം, സല്‍സ്വഭാവം തുടങ്ങിയ ഗുണങ്ങള്‍ പ്രസിദ്ധമാണ്. ലളിതവും ഹൃദ്യവുമായ പെരുമാറ്റവും, പവിത്രമായ സദാചാരബോധവും, പ്രതിജ്ഞാബദ്ധവും പരിശുദ്ധവുമായ ജീവിതവും, ഉന്നതമായ സംസ്കാരങ്ങളും, അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും ഏതു നിമിഷത്തിലും സഹായം ചെയ്യാനുള്ള സന്നദ്ധതയും, വിശുദ്ധമായ വിചാരവികാരങ്ങളും, ലക്ഷ്യത്തില്‍ സമ്പൂര്‍ണ്ണ പ്രതിപത്തിയും, കടമ നിര്‍വ്വഹിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷയുമെല്ലാം മക്കാ നിവാസികളെ ഹഠാദാകര്‍ഷിച്ചു. തന്മൂലം അവര്‍ അല്‍അമീന്‍ എന്ന മഹത്തായ ബഹുമതി നാമം അദ്ദേഹത്തിനു നല്‍കി. ജനങ്ങള്‍ തങ്ങളുടെ വസ്തുക്കള്‍ കൊണ്ടുവന്ന് അല്‍അമീന്റെ പക്കല്‍ അമാനത്ത് വെക്കാറുണ്ട്.
നബി എഴുതുവാനോ വായിക്കാനോ അറിയാത്ത ഉമ്മിയ്യായിരുന്നു. സ്വയം അദ്ധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. ഒരു വര്‍ത്തകനെന്ന നിലയില്‍ നബി സമ്പാദിച്ച സത്യസന്ധന്‍, വിശ്വസ്തന്‍ എന്നീ സല്‍കീര്‍ത്തികള്‍ മക്കാ നിവാസികളുടെ ഇടയില്‍ നബിക്ക് അഭൂതപൂര്‍വ്വമായ പദവി നേടിക്കൊടുത്തു. അദ്ദേഹത്തെ കൂടുതല്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തത് അബൂത്വാലിബായിരുന്നു. ഖദീജാബീവിയെ വിവാഹം ചെയ്തതിനു ശേഷം അവരുടെ മൂലധനമുപയോഗിച്ച് നബി വ്യാപാരത്തിലേര്‍പ്പെട്ടു. കിട്ടുന്ന വരുമാനത്തില്‍ ഇരുവരും പങ്കുകൊള്ളും. ചില സന്ദര്‍ഭങ്ങളില്‍ ഖദീജാബീവിയെ കൂടാതെ മറ്റു വര്‍ത്തകരുമായും കൂട്ടുചേര്‍ന്നു വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു.
അക്കാലത്ത് നബി മക്കക്കു സമീപമുള്ള ജബലുന്നൂറിലെ ഗുഹയില്‍ ധ്യാനത്തിനു ചെല്ലുക പതിവായിരുന്നു. ദിവസങ്ങളോളം അവിടെ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് ഈ ഗുഹയില്‍ ചെന്നു പ്രാര്‍ഥിക്കുക പതിവായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തിലേ നബിക്കു വിഗ്രഹാരാധനയോട് വെറുപ്പായിരുന്നു. വിഗ്രഹാരാധന നടക്കുന്ന സ്ഥലത്തുപോലും അവിടുന്ന് കാലുകുത്താറുണ്ടായിരുന്നില്ല. വിഗ്രഹങ്ങള്‍ക്ക് വേണ്ടി അറുക്കപ്പെട്ട ജീവികളുടെ മാംസം ഭുജിച്ചിരുന്നില്ല. എന്നാല്‍ കഅ്ബക്കു ചുറ്റും ത്വവാഫ് ചെയ്യാറുണ്ടായിരുന്നു. ഹജ്ജും നിര്‍വ്വഹിക്കാറുണ്ടായിരുന്നു. മദ്യപാനത്തില്‍ നിന്നൊഴിവായി അവിടുന്ന് സദാ പരിശുദ്ധി പാലിച്ചു വന്നു.


04:51 | Posted in | Read More »

കുടുംബ ജീവിതം

ഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയില്‍ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവന്‍ പരിശോധിച്ചാല്‍ വ്യക്തമാവും. തിരുമേനി തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ഖദീജാബീവിയെ വിവാഹം ചെയ്തു. മഹതി മരണപ്പെടുന്നതുവരെ മറ്റൊരു സ്ത്രീയെപ്പറ്റിയും തിരുമേനി ആലോചിക്കുകപോലും ചെയ്തിരുന്നില്ല. അവരുടെ മരണശേഷം രണ്ടുവര്‍ഷം തിരുമേനി ഏകാകിയായി കഴിഞ്ഞു. തുടര്‍ന്ന് നാലു കൊല്ലത്തിനിടയ്ക്ക്, അതായത് തിരുമേനിയുടെ അമ്പത്തിആറാം വയസ്സിനിടയില്‍ സൌദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ ആഇശാബീവിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. അക്കാലത്ത് തിരുമേനി ഒരു ഭാര്യയുമൊത്താണ് ദാമ്പത്യജീവിതം നയിച്ചിരുന്നത്. അമ്പതു വയസ്സിനും അറുപതു വയസ്സിനുമിടയില്‍ ഒമ്പതു ഭാര്യമാരെ തിരുമേനി വിവാഹം ചെയ്യുകയുണ്ടായി.
പല വിവാഹങ്ങള്‍ കാരണം പ്രവാചകദൌത്യം തിരുമേനി വിസ്മരിക്കാനിടയാകില്ലേ എന്നൊരു സംശയം ചിലര്‍ക്കുണ്ടായേക്കാമെങ്കിലും, യഥാര്‍ഥത്തില്‍ നബിതിരുമേനി ആ പുണ്യകര്‍മ്മങ്ങള്‍ വിസ്മരിക്കുകയല്ല ചെയ്തത്. ഭാര്യാസന്താനങ്ങളോടൊപ്പം കഴിഞ്ഞിരുന്ന സമയങ്ങളില്‍ അവരിലേക്കും പ്രവാചകദൌത്യം നിര്‍വ്വഹിക്കുകയായിരുന്നു ചെയ്തത്. അനാഥനായി വളര്‍ന്ന നബിതിരുമേനി യൌവ്വനത്തിലേക്കു കാലൂന്നുമ്പോള്‍ ദരിദ്രനായിരുന്നു. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് വിനീതനായ ഒരു ഒട്ടകക്കാരനായി മാത്രം പരിഗണിക്കപ്പെട്ടു. വ്യാപാരത്തില്‍ അബൂത്വാലിബിനെ സഹായിച്ചിരുന്ന ആ ഇരുപത്തഞ്ചുകാരന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മാതാവായ ആമിനാബീവിയേയും മുലകൊടുത്തു വളര്‍ത്തിയ ഹലീമാബീവിയേയും കുറിച്ചുള്ള ഊഷ്മളവും സ്നേഹമസൃണവുമായ സ്മരണകളൊഴിച്ചാല്‍ സ്ത്രൈണലാവണ്യത്തിന്റെ പ്രചോദനങ്ങള്‍ക്കൊന്നും അവിടുന്ന് വശംവദനായിരുന്നില്ല.
ഇക്കാലത്ത് മക്കയില്‍ ഖദീജ എന്ന ഒരു വിധവ ഉണ്ടായിരുന്നു. ഗണ്യമായ സമ്പത്തും വലിയൊരു വ്യാപാരവും വിട്ടേച്ച് അവരുടെ ഭര്‍ത്താവ് മരിച്ചിട്ട് അധികനാളായില്ല. കച്ചവടം സത്യസന്ധമായും കാര്യപ്രാപ്തിയോടെയും നടത്തിക്കൊണ്ടുപോകാനും മരുഭൂമിക്കപ്പുറം ദീര്‍ഘയാത്ര നടത്താനും കഴിവുള്ള ഒരാളെ തേടുകയായിരുന്നു ഖദീജ. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് അവര്‍ കേട്ടിരുന്നു. അല്‍അമീന്‍ എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തെ അവര്‍ വിളിച്ചു വരുത്തി.
നാല്പതു വയസ്സിനോടടുത്ത, എന്നാല്‍ യൌവ്വനയുക്തയായ ഒരു സ്ത്രീയെയാണ് ഖദീജയില്‍ തിരുമേനി കണ്ടത്. കുറിയ ദേഹപ്രകൃതി, പ്രസാദാത്മകമായ വട്ടമുഖം, ആഭിജാത്യം സ്ഫുരിക്കുന്ന മൃദുലകരങ്ങള്‍. ഖുറൈശി കുടുംബത്തില്‍ തന്നെയാണ് ഖദീജയുടെയും ജനനം. ഖുവൈലിദിന്റെ മകള്‍ ഖദീജ. ത്വാഹിറ (പരിശുദ്ധ) എന്ന അപരാഭിധാനത്താല്‍ വിഖ്യാത. സമ്പന്നതയില്‍ വലിയ അന്തരമുണ്ടെങ്കിലും മുഹമ്മദ് തന്റെ ഗോത്രക്കാരനാണെന്നറിഞ്ഞ് അവര്‍ക്ക് സന്തോഷമായി. മുഹമ്മദിന്റെ പെരുമാറ്റം അവള്‍ക്കിഷ്ടമായി. മാന്യവും വിശ്വസ്തവുമായ സമീപനം. തന്നോട് പ്രീതിയുള്ള ഖദീജയെ സേവിക്കുന്നതിന് നബിക്കും ഇഷ്ടം തന്നെയായിരുന്നു. പ്രതീക്ഷയോടെ അവിടുന്ന് ഖദീജയുടെ വ്യാപാര ദൌത്യം ഏറ്റെടുത്തു. അബൂത്വാലിബിന്റെ സഹോദരപുത്രന്‍ എന്ന നിലയില്‍ അദ്ദേഹം വാണിജ്യ കേന്ദ്രങ്ങളില്‍ അറിയപ്പെട്ടിരുന്നു. കച്ചവടക്കാര്‍ പുത്തന്‍ ചരക്കുകളുമായുള്ള മുഹമ്മദിന്റെ വരവിനെ സഹര്‍ഷം സ്വാഗതം ചെയ്തു. ദമസ്കസിലേക്കാണ് ചരക്കുകളുമായി പുറപ്പെട്ടത്. യസ്രിബിലും  ഇതര ഗ്രാമങ്ങളിലും നബി തന്റെ ചരക്കുകള്‍ വിറ്റഴിച്ചു. ഗണ്യമായ ലാഭമുണ്ടാക്കിക്കൊണ്ടാണ് അവിടുന്ന് മടങ്ങിയത്. നബിയുടെ കൂടെ യാത്ര ചെയ്ത മൈസറ എന്ന ഭൃത്യന്‍ അദ്ദേഹത്തിന്റെ വിജയങ്ങളത്രയും ഖദീജയെ അറിയിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് നബിയുമായുള്ള കൂടിക്കാഴ്ച ഖദീജയുടെ മനസ്സില്‍ അഗാധമായ പ്രതികരണങ്ങളുണ്ടാക്കി. ഖദീജയുടെ മാന്യമായ പെരുമാറ്റവും സൌമ്യമായ സംഭാഷണവും സര്‍വ്വോപരി തന്നില്‍ കാണിച്ച വിശ്വാസവും പ്രവാചകന് ഇഷ്ടപ്പെട്ടിരുന്നു. തന്റെ മനസ്സ് പൂര്‍ണ്ണമായും അദ്ദേഹത്തിലേക്കടുത്തുവെന്ന് തോന്നിയപ്പോള്‍ ഖദീജ ഇരുവരുടെയും ഒരു സുഹൃത്തു വഴി തന്റെ അഭിലാഷം അറിയിക്കുകയും നബി അത് സസന്തോഷം സ്വീകരിക്കുകയുമാണുണ്ടായത്.
വിവരം അബൂത്വാലിബ് അറിഞ്ഞു സന്തുഷ്ടനായി ഇങ്ങനെ പറഞ്ഞു: നമ്മെ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും പിന്‍മുറക്കാരാക്കിയ അല്ലാഹുവിന് സ്തുതി. ഈ പുണ്യഭൂമി നമുക്കു നല്‍കിയ, നമ്മെ തീര്‍ഥാലയത്തിന്റെ സംരക്ഷകരും മനുഷ്യരുടെ വിധികര്‍ത്താക്കളുമാക്കിയ തമ്പുരാന്‍ വാഴ്ത്തപ്പെടട്ടെ. സൌഭാഗ്യകരമായ സംഭവങ്ങളൊന്നു മുണ്ടായിട്ടില്ലെങ്കിലും അബ്ദുല്ലയുടെ മകനും എന്റെ സഹോദരപുത്രനുമായ മുഹമ്മദ് ബുദ്ധിശക്തിയിലും മഹത്വത്തിലും ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ ഗോത്രത്തില്‍ ആരെയും കവച്ചുവെക്കുന്നു. മുഹമ്മദ് ഖദീജയെയും ഖദീജ അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാന്‍ അവരെ ഭാര്യാഭര്‍ത്താക്കന്മാരാക്കുന്നു. വിവാഹാഘോഷത്തിനാവശ്യമായ ഇഷ്ടദാനം നല്‍കുന്നതിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുകയും ചെയ്യുന്നു.
ഇരുപത് ഒട്ടകങ്ങള്‍ കൊണ്ട് ഖദീജ തൃപ്തിപ്പെട്ടുകൊള്ളുമെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. അബൂത്വാലിബ് അത് ഒരുക്കിവെച്ചിരുന്നു. വിവാഹാഘോഷം കേമമായി കൊണ്ടാടി. ഖുറൈശി പ്രധാനികളൊക്കെ പങ്കെടുത്തിരുന്നു. കഅബയുടെ കൈകാര്യകര്‍ത്താവെന്ന നിലയില്‍ അബൂത്വാലിബ് വിവാഹകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവാഹം പ്രവാചകനെ ധനികനാക്കിയെങ്കിലും ഉപജീവനത്തിനു വേണ്ടി അവിടുന്ന് അദ്ധ്വാനിച്ചിരുന്നു. വിജയകരമായി വ്യാപാരം ചെയ്തപ്പോഴും തന്റെ ഭാര്യയുടെ സ്വത്തുക്കളിലൊന്നും നബി കൈകടത്തിയില്ല. ഐശ്വര്യം തന്റെ സഹജസ്വഭാവത്തിന്നു കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നിത്യഭക്ഷണവും വസ്ത്രവും മാത്രമേ വേണ്ടൂ. അതുതന്നെ അതീവ ലളിതം. എന്നാല്‍ സുഹൃത്തുക്കളെയും സഹായാര്‍ഥികളെയും അവിടുന്ന് തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഖദീജയോട് ശിപാര്‍ശ ചെയ്ത് അവര്‍ക്ക് സഹായം ചെയ്തിരുന്നു. ദാനശീലയായിരുന്നു ഖദീജ. പാവങ്ങളെ സഹായിക്കുന്നതില്‍ അവര്‍ എന്നും സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ ആ ദമ്പതികള്‍ പാവങ്ങള്‍ക്ക് എന്നും തുണയായി വര്‍ത്തിച്ചു. ഖദീജ പ്രവാചകരെ വിളിച്ചിരുന്നത് അബുല്‍ഖാസിം എന്നായിരുന്നു.
മുമ്പത്തെപ്പോലെയല്ല അവിടുന്ന് ഇപ്പോള്‍. ചങ്ങാതിമാര്‍ അപൂര്‍വ്വം. ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അവരെ കണ്ടെത്താനാവില്ല. സാമൂഹിക പരിപാടികളില്‍ നിന്നെല്ലാം അവിടുന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്. സദാ മൌനിയായി, മിതഭാഷിയായി ആത്മപരിശോധന നടത്തുന്നതായി കാണപ്പെട്ടു. എന്തിനാണവിടുന്ന് കുന്നുകളിലൂടെ ഇത്രയും നേരം അലയുന്നത്? കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ഈ സമയമെല്ലാം എന്താണ് ചെയ്യുന്നത്?
പലപ്പോഴും അവിടുന്ന് അഗാധചിന്തയിലാണ്ടതുപോലെ കാണപ്പെട്ടു. കൂടുതല്‍ കൂടുതല്‍ ഏകാകിയായിത്തീര്‍ന്നു. ഹിറാഗുഹയില്‍ നബി അല്ലാഹുവിനെ എങ്ങനെയാണ് ആരാധിച്ചിരുന്നതെന്നറിയില്ല. ഏതായാലും ധ്യാനനിരതനായിരുന്നു. സൃഷ്ടികര്‍ത്താവിന്റെ സവിശേഷതകളെക്കുറിച്ചും സൃഷ്ടികളുടെ അവസ്ഥകളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു കൊണ്ടിരുന്നു. മരങ്ങള്‍ തണല്‍ വിരിക്കാത്ത, പൂക്കള്‍ വിരിയാത്ത, നദികളൊഴുകാത്ത ആ ഇരുണ്ട കുന്നുകള്‍ക്കിടയില്‍ വാ പിളര്‍ത്തി നില്‍ക്കുന്ന ചെങ്കുത്തായ പാറകള്‍ക്കിടയില്‍ ഹിറാഗുഹയില്‍ തിരുമേനി അത്യഗാധമായ ധ്യാനത്തിലായിരുന്നു .
ക്രിസ്താബ്ദം 610 ആഗസ്റ്റ് 16. ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് തിരുമേനിക്ക് നാല്‍പ്പതു വയസ്സും 6 മാസവും 16 ദിവസവും പൂര്‍ത്തിയായ ദിവസം. സൌരവര്‍ഷക്കണക്കുപ്രകാരം മുപ്പത്തൊമ്പതു വയസ്സും 3 മാസവും 16 ദിവസവും. അന്നു രാത്രിയാണ് ആ മഹാസംഭവം ഹിറാഗുഹയില്‍ അരങ്ങേറിയത്. ജിബ്രീല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് വഹ്യ് നല്‍കി. തീര്‍ത്തും അപരിചിതമായ അനുഭവം. നബി ഭയന്നുപോയി. അവിടുന്ന് വീട്ടിലെത്തി പത്നിയോട് സംഭവം വിവരിച്ചു. ഖദീജ തിരുമേനിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ദൈവത്തില്‍ നിന്നുള്ള രക്ഷയാണിത്, എന്റെ പ്രിയ ഭര്‍ത്താവേ! ആ വാനലോകദൂതന്‍ താങ്കളെ അസ്വസ്ഥനാക്കുകയില്ല. താങ്കള്‍ ബന്ധുക്കളെ സ്നേഹിക്കുന്നു. അയല്‍ക്കാരുമായി സ്നേഹത്തില്‍ കഴിയുന്നു. ദരിദ്രര്‍ക്കു ദാനം നല്‍കുന്നു. അഗതികളെ സല്‍ക്കരിക്കുന്നു. താങ്കള്‍ വാക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നീതിയെയും സന്മാര്‍ഗ്ഗത്തെയും കാത്തുരക്ഷിക്കുന്നു താങ്കള്‍. പ്രിയപത്നിയുടെ ആശ്വാസവചനങ്ങള്‍. ലോകചരിത്രത്തില്‍ ഇപ്രകാരം സ്വന്തം പത്നിയാല്‍ പുകഴ്ത്തപ്പെട്ടവര്‍ വളരെ അപൂര്‍വ്വമത്രെ.
നബിക്കു ദിവ്യദൌത്യം ലഭിച്ച പത്താമത്തെ വര്‍ഷത്തില്‍ പിതൃവ്യന്‍ അബൂത്വാലിബ് രോഗബാധിതനായി. എണ്‍പതു കഴിഞ്ഞ അദ്ദേഹം മരണമടഞ്ഞു. തിരുമേനിയെ സംബന്ധിച്ചേടത്തോളം പിതൃവ്യന്റെ വിയോഗം തീരാനഷ്ടമായിരുന്നു. ഖുറൈശികള്‍ക്കും അവരുടെ ഉപജാപങ്ങള്‍ക്കുമിടയില്‍ അഭേദ്യമായ കോട്ടയായിരുന്നു പിതൃവ്യന്‍. അബൂത്വാലിബ് ജീവിച്ചിരുന്നപ്പോള്‍ തന്റെയും ആത്മസുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് തിരുനബിക്ക് ഏറെ വേവലാതിയുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ താങ്ങും തണലും എന്നെന്നേക്കുമായി നഷ്ടമായി. ആ വര്‍ഷം തന്നെ അബൂത്വാലിബിന്റെ പിന്നാലെ, പ്രാണപ്രേയസി ഖദീജയും രോഗബാധിതയായി. ഇതുകണ്ട് പുത്രി ഫാത്വിമ ആകെ തകര്‍ന്ന നിലയിലായി. ഇനി എണ്ണപ്പെട്ട നിമിഷങ്ങളേ ഉള്ളുവെന്ന് നബിക്കു മനസ്സിലായി. അവിടുന്ന് നിദ്രാവിഹീനനായി അവരെ പരിചരിച്ചുകൊണ്ടിരുന്നു. നബിയുടെ മടിയില്‍ തലവെച്ചുകൊണ്ട് അവര്‍ എന്നെന്നേക്കുമായി കണ്ണടച്ചു. ഖദീജയുടെ മരണം വലിയ ആഘാതമാണ് പ്രവാചകരില്‍ ഏല്‍പ്പിച്ചത്. ഏറ്റവും വിഷമം നിറഞ്ഞ പ്രതിസന്ധികളില്‍ ഖദീജാബീവിയുടെ നിഷ്കളങ്ക പ്രേമവും അചഞ്ചലവിശ്വാസവുമായിരുന്നു നബിക്കു താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നത്. ആ മഹതിയുമൊത്തുള്ള ദാമ്പത്യ മധുരസ്മരണകള്‍ ജീവിതകാലം മുഴുവനും അവിടുന്ന് അയവിറക്കിക്കൊണ്ടിരുന്നു.
ഖദീജാബീവിയുമൊത്തുള്ള നബിയുടെ ദാമ്പത്യജീവിതം എത്രയും ആനന്ദദായകമായിരുന്നു. അവര്‍ക്ക് രണ്ടു പുത്രന്മാരും നാലു പുത്രികളും ജനിച്ചു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാര്‍ ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞു. സൈനബാ, റുഖയാ, ഉമ്മുകുല്‍സൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാര്‍. ആണ്‍കുഞ്ഞുങ്ങളുടെ മരണങ്ങള്‍ മാതാപിതാക്കളെ അത്യധികം ദുഃഖിപ്പിച്ചു. ആണ്‍കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ സൈദ്ബ്നു ഹാരിസിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. ഖദീജാബീവി വിലക്കുവാങ്ങിയ ഈ കുട്ടിയെ അവര്‍ നബിക്കു ദാനം ചെയ്യുകയും നബി സൈദിനെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുണ്ടായത്.
മൂത്തമകളായ സൈനബിനെ അവര്‍ അസീസ്ബ്നുറാബിക്ക് വിവാഹം ചെയ്തു കൊടുത്തു. റുഖയ്യയെയും ഉമ്മുകുല്‍സുമിനെയും വിവാഹം ചെയ്തത് അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയുമായിരുന്നു. പക്ഷേ, നബിതിരുമേനി ഇസ്ലാം മത പ്രബോധനത്തിനിറങ്ങിയതോടെ അബൂലഹബ് സ്വപുത്രന്മാരെക്കൊണ്ട് വിവാഹമോചനം ചെയ്യിക്കുകയാണുണ്ടായത്. ഇവരെ രണ്ടുപേരെയും പിന്നീട് ഒന്നിനു പുറകെ മറ്റൊന്നായി വിവാഹം ചെയ്തത് ഉസ്മാനുബ്നു അഫ്ഫാനാണ്. നബി ജീവിച്ചിരുന്ന കാലത്ത് തന്നെ ഇവര്‍ രണ്ടുപേരും മരണമടഞ്ഞു. കനിഷ്ഠപുത്രിയായ ഫാത്വിമത്തുസ്സഹ്റായെ അലിയ്യിബ്നു അബൂത്വാലിബ് വിവാഹം ചെയ്തു. നബിയെ അതിജീവിച്ച പുത്രി ഇവര്‍ മാത്രമായിരുന്നു. എന്നാല്‍ പിതാവിന്റെ മരണം മൂലമുണ്ടായ ദുഃഖഭാരത്താല്‍ ആറുമാസം കഴിയുന്നതിനു മുമ്പുതന്നെ അവരും പിതാവിനെ അനുഗമിച്ചു.
അലി ഫാത്വിമാ ദമ്പതികളിലുണ്ടായ പുത്രന്മാരാണ് ഹസന്‍, ഹുസൈന്‍ എന്നിവര്‍. പ്രവാചക കുടുംബത്തിന്റെ കണ്ണികള്‍ അറ്റുപോകാതെ നിലനിര്‍ത്തിയവരാണവര്‍. നബിയുടെ പത്നിമാരില്‍ ആഇശാബീവി മാത്രമായിരുന്നു കന്യക. ഏഴാം വയസ്സില്‍ വിവാഹിതയായെങ്കിലും പിതാവായ അബൂബക്ര്‍ (റ) ന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു. തിരുമേനി മദീനയില്‍ എത്തി എട്ടുമാസങ്ങള്‍ക്കു ശേഷം ആഇശാബീവിയും മദീനയില്‍ വന്നു ഭര്‍ത്താവിന്റെ വീട്ടില്‍ താമസമാക്കി. അതിനു ശേഷമാണ് അവര്‍ക്കു പ്രായം തികഞ്ഞത്. ഹസ്റത്ത് സൌദാ എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രണ്ടു വര്‍ഷത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. അബ്സീനിയയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് അവര്‍ തിരുമേനിയെ സമീപിക്കുകയായിരുന്നു. അവരെ സംരക്ഷിക്കല്‍ നബിയുടെ കടമയായിരുന്നു. അവരെ വിവാഹം ചെയ്തു. ഖദീജാബീവിയുടെ മരണാനന്തരം സൈനബ്, റുഖയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമാ തുടങ്ങിയ പെണ്‍മക്കളെ സംരക്ഷിക്കേണ്ട ബാധ്യത മുഴുവനും തിരുമേനിക്കായി. പ്രായമേറിയ സൌദാബീവി ഈ കുട്ടികളുടെ ചുമതല ഏറ്റുകൊള്ളുമെന്ന വിശ്വാസവും അവരെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്കുണ്ടായിരുന്നു. കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്ത അമ്പതുവയസ്സ് കഴിഞ്ഞ സൌദാബീവി തിരുമേനിയുടെ ജീവിതപങ്കാളിയായതോടെ കുടുംബപ്രശ്നങ്ങളില്‍ നിന്നു നബിക്ക് കുറേയേറെ ആശ്വാസം ലഭിച്ചു. ഹഫ്സ, സൈനബ്, ഉമ്മുസല്‍മ, ജുവൈരിയ്യ, ഉമ്മുഹബീബ, മൈമൂന, സഫിയ്യ എന്നീ ഭാര്യമാരെല്ലാം വിധവകളായിരുന്നു. ഹസ്രത്ത് മാരിയതുല്‍ ഖിബ്ത്വിയ്യ ഈജിപ്തിലെ രാജാവ് തിരുമേനിക്ക് സമ്മാനമായി നല്‍കിയ സ്ത്രീയാണ്. അവരേയും തിരുമേനി വിവാഹം ചെയ്തു. തന്മൂലം മുസ്ലിംകളും ഈജിപ്തുകാരുമായി സൌഹൃദബന്ധമുണ്ടായി.
നബിയുടെ അറുപതാമത്തെ വയസ്സില്‍ മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയില്‍ നബിക്കു ജനിച്ച അരുമ സന്താനമാണ് ഇബ്റാഹീം. 16 മാസം പ്രായമായപ്പോള്‍ ഈ കുഞ്ഞിന് രോഗം ബാധിച്ചു. രോഗവിവരമറിഞ്ഞു നബി അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫിന്റെ തോളത്ത് പിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറി വന്നു. മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയുടെ മടിയില്‍ ഇബ്റാഹീം ആസന്ന മരണനായി കിടക്കുന്നു. നബി ഉടനെ കുഞ്ഞിനെ എടുത്തു മടിയില്‍ കിടത്തി. തിരുമേനിയുടെ കൈകള്‍ വിറക്കുകയും ഹൃദയം ഉച്ചത്തില്‍ സ്പന്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുഞ്ഞിനെ നോക്കി ഇപ്രകാരം പറഞ്ഞു: അല്ലയോ ഇബ്റാഹീം, ദൈവേച്ഛക്കു വിരുദ്ധമായി ഞങ്ങള്‍ക്കു നിന്നെ സഹായിക്കുവാന്‍ കഴിയുകയില്ല…’ തിരുമേനി കൂടുതല്‍ ഉരിയാടാനാവാതെ നിരുദ്ധകണ്ഠനായി. കണ്ണുനീര്‍ വാര്‍ത്തു. ആ കൈക്കുഞ്ഞ് അന്ത്യശ്വാസം വലിച്ചു.
ദുഃഖം അല്പമൊന്നു ശമിച്ചപ്പോള്‍ നബി പറഞ്ഞു: അല്ലയോ ഇബ്റാഹീം, അല്ലാഹുവിന്റെ കല്പനയും സത്യവും അവന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുന്നവയും അല്ലാതിരുന്നുവെങ്കില്‍, നിനക്കുവേണ്ടി ഇതില്‍ കൂടുതലായി ഞങ്ങള്‍ ദുഃഖപ്രകടനം നടത്തുമായിരുന്നു. നിശ്ചയമായും നാം അല്ലാഹുവിനുള്ളതാണ്; അല്ലാഹുവിങ്കലേക്കു നാം മടങ്ങുകയും ചെയ്യും.
നബിയുടെ അഗാധദുഃഖം കണ്ടു വസ്മയിച്ചുപോയവരോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ ദുഃഖത്തെ ഞാന്‍ നിരോധിച്ചിട്ടില്ല. ഉച്ചത്തില്‍ നിലവിളിക്കുന്നതിനെയാണ് വിരോധിച്ചിട്ടുള്ളത്. ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും ഫലം അനുവദിക്കുന്നതില്‍ നിന്നും നിങ്ങളുടെ ഹൃദയത്തെ തടയുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മറ്റുള്ളവരോട് കാരുണ്യവും സ്നേഹവും കാണിക്കാത്തവരുടെ നേര്‍ക്ക് അല്ലാഹുവും കാരുണ്യവും സ്നേഹവും കാണിക്കുകയില്ല.
യാദൃശ്ചികമെന്നോണം ഇബ്റാഹീമിന്റെ മരണദിവസം സൂര്യഗ്രഹണമുണ്ടായി. ഇതൊരത്ഭുത സംഭവമാണെന്നും പ്രവാചകപുത്രന്റെ മരണത്തില്‍ ആകാശവും ഭൂമിയും ദുഃഖിക്കുകയാണെന്നും ജനങ്ങള്‍ പറയാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബി അവരോടു പറഞ്ഞു: സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്. ഒരു മനുഷ്യന്റെ ജനനമോ മരണമോ അവയുടെ ഗ്രഹണങ്ങള്‍ക്കു കാരണമാകുന്നില്ല. ഇത്തരം ഗ്രഹണങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാര്‍ഥനകള്‍ മൂലം അല്ലാഹുവിനെ സ്മരിക്കുക. അപ്രകാരം നബി ഗ്രഹണ നമസ്കാരത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.
തിരുമേനി ആവശ്യത്തിനുമാത്രം മിതമായിട്ടാണ് ഭക്ഷിച്ചിരുന്നത്. തുടര്‍ച്ചയായി മൂന്നു നേരം അവിടുന്ന് ഭക്ഷിക്കാറുണ്ടായിരുന്നില്ല. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ബാക്കി ഭാഗം ഒഴിച്ചിടുകയും ചെയ്യും. തുടര്‍ച്ചയായി ദിവസങ്ങളോളം തിരുമേനിയുടെ വീട്ടിലെ അടുപ്പില്‍ തീ പുകയാറുണ്ടായിരുന്നില്ല. കുറച്ചു ഈത്തപ്പഴങ്ങളും വെള്ളവും മാത്രമായിരുന്നു അപ്പോഴത്തെ ആഹാരം. ചില ദിവസങ്ങളില്‍ മുഴുപ്പട്ടിണിയിലും ആയിരുന്നു. ഓരോ മാസത്തിലും പതിമൂന്നാം ദിവസം മുതല്‍ മൂന്നു ദിവസം നോമ്പു നോല്‍ക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തിരുമേനി നോമ്പു നോല്‍ക്കും. ഇതിനൊക്കെ പുറമെ വര്‍ഷത്തിലൊരിക്കല്‍ രക്തം കുത്തിയെടുക്കാറുണ്ടായിരുന്നു. ഇത്തരം ചര്യകളിലൂടെ തിരുമേനി ശാരീരികാവശ്യങ്ങള്‍ കുറച്ചു. ഇച്ഛയെ നിയന്ത്രിച്ചു. ഇപ്രകാരം സംശുദ്ധ ജീവിതം നയിച്ച, അല്ലാഹുവിന്റെ കല്പനക്കനുസൃതമായി ഖുര്‍ആന്‍ പൂര്‍ണ്ണമായും പിന്‍പറ്റി കുടുംബജീവിതം നയിച്ച, നബിതിരുമേനിയെ സംബന്ധിച്ച് ശരീരേച്ഛാപ്രമത്തന്‍ എന്നു ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതവും നിലനില്പില്ലാത്ത അപവാദ പ്രചരണവുമാണ്.
തനിക്കു മുമ്പു വന്ന പ്രവാചകന്മാരില്‍ നിന്നും തികച്ചും വിഭിന്നനായിരുന്നു മുഹമ്മദ് നബി(സ്വ). അനാഥന്‍ തുടങ്ങി രാജാവ് വരെ, ആദര്‍ശവാദി തൊട്ട് പ്രായോഗിക മനുഷ്യന്‍ വരെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ മനുഷ്യന്‍. മകന്‍, പിതാവ്, ഭര്‍ത്താവ്, അയല്‍ക്കാരന്‍, വ്യാപാരി, ഉപദേശകന്‍, പ്രബോധകന്‍, പീഡിപ്പിക്കപ്പെട്ട അഭയാര്‍ഥി, സുഹൃത്ത്, യോദ്ധാവ്, നിയമശില്പി, രാഷ്ട്രതന്ത്രജ്ഞന്‍ അങ്ങനെ വൈവിധ്യമുള്ള രംഗങ്ങളില്‍ തിരുമേനി മാതൃകകള്‍ കാണിച്ചിരുന്നു. അതുകൊണ്ടാണ് ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സമ്പൂര്‍ണ്ണ മനുഷ്യനായി തിരുമേനി വാഴ്ത്തപ്പെടുന്നത്.


04:49 | Posted in | Read More »

തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍

മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നല്‍കരുതെന്ന് അല്ലാഹു പ്രവാചകരോടു പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു: അവരില്‍പ്പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൌകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്ടി നീട്ടിപ്പോകരുത്.  അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വ്യസനിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു വേണ്ടി താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുക. (15:33)
ഭൌതിക സമ്പത്തിനെയോ സമ്പന്നരെയോ വലുതായിക്കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശിച്ചതായി ഇനിയും കാണാം. അവരില്‍ പല വിഭാഗങ്ങള്‍ക്കും ഐഹിക ജീവിതാലങ്കാരമായി നാം ആസ്വദിപ്പിച്ചിട്ടുള്ള സൌകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്ടി പായിക്കരുത്. അതിലൂടെ അവരെ നാം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് അവ നല്‍കിയത്. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം; അതാണ് ഏററം ഉത്തമവും അനശ്വരവും. (വി:ഖു 20:131)
പ്രവാചകരുടെ സദസ്സില്‍ പങ്കെടുക്കുന്നതിന് അവിശ്വാസികളായ ചില അറബി കുബേരന്മാര്‍ക്കുണ്ടായിരുന്ന തടസ്സം അവിടെ സദാ ഉണ്ടായിരുന്നത് പാവങ്ങളായിരുന്നു എന്നതാണ്.  ഈ അഗതികളെ സദസ്സില്‍ നിന്നകററിയാല്‍, ഉപദേശം ശ്രവിക്കാനായി പ്രവാചകരുടെ സദസ്സിലേക്കു വരാമെന്ന് അവര്‍ ഉപാധി വെക്കുകയുണ്ടായി. എന്നാല്‍ ഈ ഉപാധി നിശ്ശേഷം തള്ളിക്കളയാനായിരുന്നു വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദ്ദേശം: താങ്കളുടെ  രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കി രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെ താങ്കള്‍ ആട്ടിക്കളയരുത്. അവരെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും താങ്കള്‍ക്കില്ല. താങ്കളെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും  അവര്‍ക്കുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ താങ്കള്‍ക്ക് അവരെ ആട്ടിക്കളയാമായിരുന്നു.  അതൊന്നുമില്ലാതെ അവരെ ആട്ടിക്കളഞ്ഞാല്‍ താങ്കള്‍ അക്രമികളില്‍പ്പെട്ടവനായിത്തീരും. (വി. ഖു. 6:52)
അഗതികളേയും അവശരേയും അടിമകളേയും സദസ്സില്‍  നിന്ന് ആട്ടിക്കളയരുതെന്ന്  മാത്രമല്ല സ്നേഹ പരിഗണനകളോടെ  സദാ അവരോടൊപ്പം കഴിയണമെന്നും പ്രവാചകരെ ഖുര്‍ആന്‍ ഉപദേശിക്കുന്നു: താങ്കളുടെ രക്ഷിതാവിന്റെ പൊരുത്തം ലക്ഷ്യമാക്കി കാലത്തും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നവരോടൊപ്പം താങ്കള്‍ സ്വശരീരത്തെ അടക്കി നിര്‍ത്തുക. ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ലക്ഷ്യമാക്കി താങ്കളുടെ കണ്ണുകള്‍ അവരില്‍ നിന്ന് വിട്ടു പോകാന്‍ ഇടവരരുത്. നമ്മുടെ സ്മരണയില്‍ നിന്നു ഹൃദയത്തെ നാം അശ്രദ്ധമാക്കിയിട്ടുള്ളവനും തന്നിഷ്ടം പിന്തുടരുന്നവനും കാര്യം അതിര് കവിഞ്ഞവനും ആയിട്ടുള്ളവനാരോ അവനെ താങ്കള്‍ അനുസരിച്ച് പോകരുത്. (വി. ഖു. 18:28)
തിരുമേനിയുടെ സദസ്സില്‍ പണക്കാര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല എന്നത് പോലെ തന്നെ, ചില തൊഴിലാളി പ്രസ്ഥാനങ്ങളില്‍ കണ്ടു വരുന്ന  പോലെയുള്ള അസൂയാപരമായ അവഗണനയും ഉണ്ടായിരുന്നില്ല. പ്രവാചകരുടെ കൂട്ടുകാരില്‍ എല്ലാ നിലയിലുള്ളവരും ഉണ്ടായിരുന്നു. മുതലാളികളും തൊഴിലാളികളും യജമാനരും അടിമകളും പ്രബലരും ദുര്‍ബലരും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സിംഹാസനത്തിലിരുന്ന് ആജ്ഞകള്‍ നല്‍കി അനുയായികളെ പ്രവര്‍ത്തിപ്പിക്കുന്ന രാജകീയ സ്വഭാവം നബി തിരുമേനി (സ്വ) തങ്ങള്‍ക്കുണ്ടായിരുന്നില്ല. കഠിനാദ്ധ്വാനം ചെയ്യുന്ന അനുയായികളുടെ അടര്‍ന്നു വീഴുന്ന വിയര്‍പ്പു കണികകള്‍ നോക്കി ആനന്ദം കൊള്ളുന്ന നേതാക്കന്മാരുടെ ആഢ്യത്വവും തിരുമേനിക്കുണ്ടായിരുന്നില്ല.
ശ്രമകരവും സുപ്രധാനവുമായ സകല സേവന പ്രവര്‍ത്തനങ്ങളിലും അനുയായികളുടെ മുന്‍പന്തിയില്‍ തന്നെ അദ്ധ്വാന ശീലനും സ്ഥിരോല്‍സാഹിയുമായ നബി തിരുമേനി (സ്വ) നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.  ജീവനിലുപരിയായി തിരുമേനിയെ സ്നേഹിച്ചാദരി ച്ചംഗീകരിക്കുകയും  സകല കല്‍പ്പനകളും സര്‍വ്വാത്മനാ ശിരസാ വഹിച്ചു പ്രയോഗ വല്‍ക്കരിക്കുകയും ചെയ്യുന്ന അതുല്യരായ അനുയായികളായിരുന്നു അവിടുത്തെ കൂട്ടുകാര്‍. എന്നിട്ടും അവിടുന്ന് അവരോട് തോളുരുമ്മി സഹകരിച്ചു പ്രവര്‍ത്തിക്കുമായിരുന്നു.
സഹ പ്രവര്‍ത്തകരോടൊപ്പം മണലാരണ്യത്തിലൂടെ ചുട്ടു തിളക്കുന്ന വെയിലത്ത് ഊഴം വെച്ചു  നടന്ന സംഭവം കാണുക. ഹി: 2ാം വര്‍ഷം പ്രവാചകരും 313 സഹപ്രവര്‍ത്തകരും ബദ്റിലേക്കു നീങ്ങുകയാണ്. അവര്‍ക്കെല്ലാം കൂടി രണ്ടു കുതിരയും 70 ഒട്ടകവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കുതിര സൈന്യത്തിന്റെ വലതു പാര്‍ശ്വനായകനായ സുബൈറുബിന്‍ അവ്വാമി (റ) ന്റെതും മറെറാരു കുതിര ഇടതു പാര്‍ശ്വനായകനായ മിഖ്ദാദുബിന്‍ അസ്വദി (റ) ന്റെതുമായിരുന്നു. അബൂബക്കര്‍, ഉമര്‍, അബ്ദു റഹ്മാനുബ്നു ഔഫ് (റ) എന്നിവര്‍ ഒരു ഒട്ടകത്തെ ഊഴം വെച്ചപ്പോള്‍ നബി (സ്വ) തിരുമേനിയും അലി, മര്‍സിദ് (റ) എന്നിവരും കൂടി ഒരു ഒട്ടകത്തെ ഊഴം വെക്കുകയായിരുന്നു. പ്രവാചകന്‍ താഴെയിറങ്ങി നടക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു. അങ്ങേക്കു വേണ്ടി ഞങ്ങള്‍ നടക്കാം. പക്ഷേ തിരുമേനി സമ്മതിച്ചില്ല. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ എന്നേക്കാള്‍ ശക്തരല്ല. അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നിങ്ങളേക്കാള്‍ ഞാന്‍ ആവശ്യം കുറഞ്ഞവനുമല്ല. (ദലാഇലുല്‍ ബൈഹഖി 3/39)
സഹപ്രവര്‍ത്തകരോടൊപ്പം കല്ല് കടത്തിയ സംഭവം കാണുക: നബി (സ്വ) ഹിജ്റഃ ചെയ്ത് മക്കയില്‍ നിന്ന് മദീനയിലെത്തിയപ്പോള്‍ നിര്‍വ്വഹിച്ച പ്രഥമ പ്രവര്‍ത്തനം മസ്ജിദുന്നബവിയുടെ നിര്‍മ്മാണമായിരുന്നു. മദീനയുടെ ഹൃദയ ഭാഗത്ത് ഹിജ്റ 1-ാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്നെ അതിന്റെ ശിലാസ്ഥാപനം നടത്തി. അവിടുത്തെ തൃക്കരം കൊണ്ടു പ്രഥമ ശില വെച്ചു. 2,3,4 എന്നീ ശിലകള്‍ യഥാക്രമം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ (റ) എന്നിവരും വെച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുസ്ലിംകളെല്ലാം സഹകരിച്ചു. അവരുടെ അഭിവന്ദ്യ നേതാവായ പ്രവാചകരും മണ്ണും ഇഷ്ടികയും കല്ലും വഹിക്കുന്നതില്‍ അവരോടൊപ്പം  പങ്കു ചേര്‍ന്നു. തിരുമേനി ഒരു ഇഷ്ടിക വഹിച്ചു കൊണ്ടു പോകുന്നതു കണ്ട ഒരാള്‍ പറഞ്ഞു: പ്രവാചകരേ, അത് ഇങ്ങോട്ട് തന്നേക്കൂ, അപ്പോള്‍ തിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു: താങ്കള്‍ പോയി മറെറാരു ഇഷ്ടികയെടുക്കുക, താങ്കള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എന്നേക്കാള്‍ ആവശ്യക്കാരനല്ല (വഫാഉല്‍ വഫാ 1/333)
സഹ പ്രവര്‍ത്തകരോടൊപ്പം കിടങ്ങ് കുഴിച്ച സംഭവവും കൂടി നമുക്ക് വായിക്കാം: ഹിജ്റഃ 5-ാം വര്‍ഷം ഖുറൈശ്, ഗത്വ്ഫാന്‍ തുടങ്ങിയ ശത്രു സഞ്ചയങ്ങള്‍ മുസ്ലിംകളെ മദീനയില്‍ കടന്നാക്രമണം നടത്താന്‍ ഒരുങ്ങിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനായി മദീനയുടെ വടക്ക് വശത്ത് സുദീര്‍ഘവും അഗാധവുമായ കിടങ്ങ് കുഴിക്കുവാന്‍ തിരുമേനി മുസ്ലിംകളോട് ആഹ്വാനം ചെയ്തു. ശത്രുക്കള്‍ എത്തിച്ചേരും മുമ്പ് സത്വരമായി പൂര്‍ത്തീകരിക്കേണ്ട ഒരു നടപടിയായിരുന്നു അത്. കിടങ്ങിനു പ്ളാന്‍ തയ്യാര്‍ ചെയ്തു. പത്തു പേര്‍ 40 മുഴം വീതം കുഴിയെടുക്കാന്‍ ജോലി നിര്‍ണ്ണയിച്ചു കൊടുത്തു. മഹാനായ പ്രവാചകരും അവിടുത്തെ തൃക്കരം കൊണ്ട് ജോലി ചെയ്ത് സഹ പ്രവര്‍ത്തകരോട് സഹകരിച്ചു. ചിലപ്പോള്‍ ജോലി ചെയ്തു തിരുമേനി ക്ഷീണിക്കുമായിരുന്നു. അപ്പോള്‍ അല്‍പ സമയമിരുന്ന്  വിശ്രമിച്ചു വീണ്ടും ജോലി തുടരും. സഹ പ്രവര്‍ത്തകരായ അനുയായികള്‍ പറഞ്ഞു കൊണ്ടേയിരുന്നു: പ്രവാചകരേ അങ്ങയുടെ വിഹിതം ജോലി അങ്ങേക്ക് വേണ്ടി ഞങ്ങള്‍ ചെയ്തു കൊള്ളാം. അല്ലാഹുവിന്റെ പ്രതിഫലത്തില്‍ നിങ്ങളോട് പങ്കുചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു എന്നായിരുന്നു തിരുമേനിയുടെ പ്രതിവചനം (വഫാഉല്‍ വഫ 4/1206)
സഹപ്രവര്‍ത്തകരോടും കൂട്ടുകാരോടുമുള്ള പ്രവാചകരുടെ പെരുമാററം ഏററം മാതൃകാപരമായിരുന്നു. സദാ പുഞ്ചിരി തൂകി സൌമ്യ സ്വഭാവത്തോടെയായിരുന്നു അവരോടുള്ള സമീപനം. ദുസ്വഭാവം,  ബഹളം വെക്കല്‍, അശ്ളീലം പറയല്‍, ആക്ഷേപം ചൊരിയല്‍, അമിത ഫലിതം എന്നിവയൊന്നും പ്രവാചകരുടെ പെരുമാററത്തില്‍ ഒരിക്കലും കാണുമായിരുന്നില്ല. ഒരാളുടെയും രഹസ്യം അന്വേഷിക്കുകയില്ല. ജനങ്ങളുടെ ചിരിയിലും അത്ഭുത പ്രകടനത്തിലും പങ്കുകൊള്ളുമായിരുന്നു. അപരിചിതരുടെ സംസാരത്തിലോ ചോദ്യത്തിലോ ഉണ്ടാകാവുന്ന സംസ്ക്കാര ശൂന്യതയില്‍ ക്ഷമ പാലിക്കുമായിരുന്നു. ഒരാളുടെ സംസാരം ഇടക്കു മുറിച്ചു കളയുകയില്ല. അതിരു വിട്ടാല്‍ നിരോധിക്കും, അല്ലെങ്കില്‍ എഴുന്നേററ് പോകും (ദലാഇലുല്‍ ബൈഹഖി 1/238-291 നോക്കുക) .ഇരിപ്പിടങ്ങള്‍ സ്ഥിരമാക്കുകയില്ല, അങ്ങനെ ചെയ്യുന്നത് നിരോധിക്കുമായിരുന്നു. ഒരു സദസ്സിലെത്തിയാല്‍ തള്ളിക്കയറുകയോ ചാടിക്കടക്കുകയോ ചെയ്യാതെ സദസ്സ് അവസാനിക്കുന്നേടത്ത്  ഇരിക്കും. അങ്ങനെ ഇരിക്കണമെന്ന് അവിടുന്ന് കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. സദസ്യരില്‍ ഓരോരുത്തര്‍ക്കും അര്‍ഹമായ വിഹിതം കൊടുക്കും. തിരുമേനിയുടെ അടുത്ത് തന്നെക്കാള്‍ മററാരെങ്കിലും ആദരണീയനാണെന്ന് ഒരു സദസ്യനും തോന്നുകയില്ല. അവ്വിധമുള്ള സമീപനമായിരുന്നു തിരുമേനിയുടേത്. വല്ല ആവശ്യത്തിനും തിരുമേനിയുടെ കൂടെ ആരെങ്കിലും ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ അവന്‍ സ്വയം പിരിഞ്ഞ് പോകുന്നത് വരെ തിരുമേനി ക്ഷമ പാലിക്കും. അവനെ വിട്ട് അവനു മുമ്പ് അവിടുന്ന് സ്ഥലം വിടുകയില്ല. ആരെങ്കിലും വല്ലതും ആവശ്യപ്പെട്ടാല്‍ അത് നല്‍കി തിരിച്ചയക്കും. സാധിക്കാതെ വന്നാല്‍ സൌമ്യമായ വാക്കു പറഞ്ഞു സമാശ്വസിപ്പിച്ച് വിടും
സകലരോടും സദ്സ്വഭാവത്തോടെ, മന്ദസ്മിതിത്തോടെ പെരുമാറുമായിരുന്നു. എല്ലാവര്‍ക്കും അവിടുന്ന് പിതാവായിരുന്നു. അവകാശം നേടുന്നതില്‍ നബിയുടെ അടുത്ത് സകലരും തുല്യരായിരുന്നു. തന്റെ കൂട്ടുകാരെക്കുറിച്ച്  അന്വേഷണം നടത്തുമായിരുന്നു.  ജനങ്ങളുടെ സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും നല്ലതിനു പ്രചോദനം നല്‍കുകയും ചീത്ത നിരുല്‍സാഹപ്പെടുത്തുകയും ചെയ്യും. ജനങ്ങളില്‍ ഉത്തമരായിരുന്നു നബിയുമായി അടുത്തവര്‍. ഏററം വലിയ ഗുണകാംക്ഷാമനസ്ഥിതി  ഉള്ളവരായിരുന്നു തിരുമേനിയുടെ അടുത്ത് ഏററം ശ്രേഷ്ഠര്‍. ജനങ്ങളെ ഏററം നന്നായി സഹായിക്കുന്നവര്‍ക്കായിരുന്നു തിരുമേനിയുടെ സമീപത്ത് ഏററം വലിയ സ്ഥാനം. ആവശ്യക്കാരുടെ ആവശ്യം നിറവേററിക്കൊടുക്കുകയും സ്വന്തം ആവശ്യം തന്നെ അറിയിക്കാന്‍ സാധിക്കാത്തവരുടെ വിവരം, അറിയുന്നവര്‍ തനിക്കെത്തിച്ച് തരണമെന്ന് കല്‍പ്പിക്കുകയും ചെയ്തിരുന്നു. ഭൌതിക കാര്യത്തിന് വേണ്ടി ഒരിക്കലും കോപിക്കുകയില്ല. സ്വന്തത്തിന് വേണ്ടി ഒരിക്കലും ദേഷ്യം പിടിക്കുകയോ പകരം  വീട്ടുകയോ ചെയ്തിരുന്നില്ല. (ദലാഇലുല്‍ ബൈഹഖി 1/288, 291 നോക്കുക)
കൂട്ടുകാരുടെ സദ്പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്യുക നബിയുടെ പതിവായിരുന്നു. ഹിജ്റഃ 9-ാം വര്‍ഷം റോമക്കാര്‍ മുസ്ലിംകളെ അക്രമിക്കുന്നതിന് വന്‍ സൈനിക സജ്ജീകരണങ്ങള്‍ നടത്തിയപ്പോള്‍ അവരെ നേരിടുന്നതിനു വേണ്ടി നബി (സ്വ) തബൂക്കിലേക്ക് പുറപ്പെട്ടു. ദാരിദ്യ്രം നിമിത്തം യാത്രാ സന്നാഹങ്ങളും യുദ്ധ സന്നാഹങ്ങളും സംഭരിക്കാന്‍ സാധിക്കാത്തതില്‍ അത്യധികം ദു:ഖിച്ചിരിക്കുകയായിരുന്നു ഉല്‍ബത്തു ബിന്‍ സൈദ് (റ). തന്റെ കയ്യിലോ തന്നെ സഹായിക്കാനായി പ്രവാചകരുടെ കയ്യിലോ സന്നാഹമില്ലാതെ വന്നതില്‍ വ്യാകുലപ്പെട്ട് രാത്രി ഇശാ നിസ്ക്കാരാനന്തരം അദ്ദേഹം കരയാന്‍ തുടങ്ങി. അവസാനം തന്റെ ദു:ഖത്തിന് ഒരു മുട്ടു ശാന്തി അദ്ദേഹം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:  ഞാനിതാ സ്വദഖഃ ചെയ്യുന്നു. എന്റെ സമ്പത്തിനോ ശരീരത്തിനോ അഭിമാനത്തിനോ വല്ല ക്ഷതവുമേല്‍പ്പിച്ച ഏതൊക്കെ മുസ്ലിംകളുണ്ടോ അവര്‍ക്കൊക്കെ ഞാന്‍ വിട്ടു കൊടുത്തു മാപ്പുചെയ്തിരിക്കുന്നു. ഇതാണ് സ്വദഖഃ. നേരം പുലര്‍ന്നപ്പോള്‍ കൂട്ടുകാരോടായി റസൂല്‍ തിരുമേനി ചോദിച്ചു: ഇന്നലെ രാത്രി സ്വദഖഃ ചെയ്തവനെവിടെ? അപ്പോള്‍ ആരും എഴുന്നേററില്ല. വീണ്ടും ചോദിച്ചു. ധര്‍മ്മം ചെയ്തവനെവിടെ? അവന്‍ നില്‍ക്കട്ടെ, അപ്പോള്‍ ഉല്‍ബത്ത് എഴുന്നേററ് നിന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു സന്തോഷിച്ച് കൊള്ളുക, എന്റെ ആത്മാവിന്റെ ഉടമസ്ഥന്‍ തന്നെ സത്യം; താങ്കളുടെ സ്വദഖഃ സ്വീകാര്യധര്‍മ്മത്തിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. (ദലാഇലുന്നുബുവ്വ-ബൈഹഖി 5/219)
സഹപ്രവര്‍ത്തകരെക്കുറിച്ച് എപ്പോഴും നല്ല ധാരണ വെച്ചു പുലര്‍ത്തുകയും അങ്ങനെ വെച്ച് പുലര്‍ത്താന്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ആരെക്കുറിച്ചെങ്കിലും തെറ്റിദ്ധാരണാജനകമായി  സംസാരിച്ചാല്‍ തിരുമേനി അത് തിരുത്തുമായിരുന്നു.  ഹിജ്റഃ 6-ാം വര്‍ഷം 1500 സ്വഹാബിമാരോട് കൂടി ഉംറഃ ചെയ്യുന്നതിന് വേണ്ടി നബി (സ്വ) മക്കയിലേക്ക് പുറപ്പെട്ടു.  ഖുറൈശികളുടെ പ്രതിരോധവും വിസമ്മതവും നിമിത്തം മക്കയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.  മുസ്ലിംകള്‍ ഹുദൈബിയ്യഃ യില്‍ താവളമടിച്ചു. യുദ്ധമല്ല ഉംറഃ മാത്രമാണ് ആഗമ ലക്ഷ്യമെന്ന് ഖുറൈശികളെ അറിയിക്കാന്‍ നബി (സ്വ) ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ) നെ മക്കയിലേക്കു വിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ മുഹമ്മദിനെ ഞങ്ങള്‍ അനുവദിക്കുകയില്ല. താങ്കള്‍ക്കു വേണമെങ്കില്‍ ത്വവാഫ് ചെയ്യാം. ഇതായിരുന്നു ഖുറൈശികളുടെ  മറുപടി. അല്ലാഹുവിന്റെ റസൂല്‍ ത്വവാഫ് ചെയ്യുന്നത് വരെ ഞാന്‍ ത്വാവാഫ് ചെയ്യുകയില്ലെന്ന് ഉസ്മാന്‍ (റ) പറഞ്ഞപ്പോള്‍ അദ്ദേഹത്തെ അവര്‍ മൂന്ന് ദിവസത്തോളം തടഞ്ഞ് വെച്ചു. എന്നാല്‍ ഉസ്മാന്‍ (റ) സ്വന്തമായി ത്വവാഫ് ചെയ്തു എന്നൊരു കിംവദന്തി മുസ്ലിംകള്‍ക്കിടയില്‍ എങ്ങനെയോ പ്രചരിക്കുകയുണ്ടായി. നബി അത് തിരുത്തി.  നാം ഇവിടെ തടയപ്പെട്ടിരിക്കെ അദ്ദേഹം കഅ്ബ പ്രദക്ഷിണം ചെയ്യുമെന്ന് നാം വിചാരിക്കുന്നില്ല. പിന്നീട് ഉസ്മാന്‍ (റ) തിരിച്ചു വന്നപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി: അല്ലാഹു തന്നെ സത്യം! ഞാനൊരു വര്‍ഷം മക്കയില്‍ താമസിക്കാനിടവന്നാലും അല്ലാഹുവിന്റെ പ്രവാചകന്‍ ഹുദൈബിയഃ യില്‍ തടയപ്പെട്ടിരിക്കെ ഞാന്‍ ത്വവാഫ് ചെയ്യുകയില്ല. തദവസരം  അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ അല്ലാഹുവിനെക്കുറിച്ച് ഏററം വിവരമുള്ളവനും നമ്മുടെ കൂട്ടത്തില്‍ ഏററം നല്ല ധാരണ വെച്ച് പുലര്‍ത്തുന്നവരുമത്രെ. (ബൈഹഖി 4/135)
സഹപ്രവര്‍ത്തകന് വല്ല അബദ്ധവും പിണഞ്ഞു പോയാല്‍ മാപ്പ് നല്‍കി അവന്റെ മനോവീര്യം സംരക്ഷിച്ചു പൂര്‍വ്വോപരി സച്ചരിതനും സജീവ പ്രവര്‍ത്തകനുമാക്കി മാററുകയായിരുന്നു തിരുമേനിയുടെ പതിവ്. ഖുറൈശികള്‍ ഹുദൈബിയഃ സന്ധി ലംഘിച്ചു ശത്രുത പ്രകടിപ്പിച്ചപ്പോള്‍ നബി തിരുമേനി (സ്വ) യുദ്ധവും കൊലയുമില്ലാതെ വളരെ സമാധാനപരമായി മക്ക ജയിച്ചടക്കുന്നതിന്  വേണ്ടി ഹിജ്റഃ 8-ാം വര്‍ഷം 10,000 സ്വഹാബികളോട് കൂടെ പുറപ്പെടുകയുണ്ടായി. പുറപ്പെടും മുമ്പ് വാര്‍ത്ത പരമ രഹസ്യമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു സ്വഹാബിക്കു ഒരു അമളി പററി. ഹാത്വിബ് (റ) ആയിരുന്നു അത്.  ഈ രഹസ്യം ഖുറൈശികളെ അറിയിച്ചാല്‍ പ്രത്യുപകാരമെന്ന നിലയില്‍ മക്കയിലുള്ള തന്റെ നിരാലംബരായ ഭാര്യാ സന്താനങ്ങളെ അവര്‍ രക്ഷിച്ചേക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു കത്തെഴുതി 10 ദിനാര്‍ പ്രതിഫലം നിശ്ചയിച്ചു ഒരു സ്ത്രീയുടെ വശം കൊടുത്തയച്ചു. നബി തിരുമേനി (സ്വ) അലി, സുബൈര്‍, മിഖ്ദാദ്, അബൂ മര്‍സിദ് (റ) എന്നിവരെ വിളിച്ച് പറഞ്ഞു: ഖാഖ് തോട്ടത്തില്‍ ഒരു പെണ്ണിരിപ്പുണ്ട.് അവരുടെ വശം ഒരു കത്തുണ്ട്. ഉടനെ അത് പിടിച്ചെടുത്ത് കൊണ്ട് വരണം. തന്റെ വശം കത്തില്ലെന്ന് അവള്‍ തറപ്പിച്ചു പറഞ്ഞുവെങ്കിലും വസ്ത്രമഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അവള്‍ മുടിക്കെട്ടിനുള്ളില്‍ നിന്ന്  കത്തെടുത്ത് കൊടുത്തു. കത്തിന്റെ ഉള്ളടക്കം നേരത്തെ പറഞ്ഞ രഹസ്യവാര്‍ത്ത ആയിരുന്നു. തിരുമേനി ഹാത്വിബിനെ ചോദ്യം ചെയ്തു. അദ്ദേഹം സത്യാവസ്ഥ വെളിപ്പെടുത്തി ക്ഷമാപണം നടത്തി. പ്രത്യക്ഷത്തില്‍ ഇതൊരു കൂറുമാററവും രാജ്യ ദ്രോഹവും ആണെന്ന് തോന്നാനിടയുണ്ട്. ഉമര്‍ (റ) വിനു അങ്ങനെ തോന്നി, അദ്ദേഹം പറഞ്ഞു: നബിയേ എനിക്ക് സമ്മതം തരൂ. ഈ കപടന്റെ പിരടി ഞാന്‍ വെട്ടാം. അപ്പോള്‍ നബി (സ്വ) അദ്ദേഹത്തിനു മാപ്പ് നല്‍കുകയും ബദ്റില്‍ പങ്കെടുത്തു കൂറ് തെളിയിച്ച വ്യക്തിയാണെന്ന് സ്വഹാബിമാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. (ബുഖാരി 4274 നോക്കുക)
അകാരണമായി ആര്‍ക്കും മുന്‍ഗണന നല്‍കില്ല. അത് മററുള്ളവര്‍ക്ക് മന:ക്ളേശമുണ്ടാക്കാനിട വരുത്തുമല്ലോ. യാത്രാ വേളയില്‍ പരിചരണത്തിനായി തിരുമേനി ഭാര്യമാരില്‍ ചിലരെ കൊണ്ട് പോകാറുണ്ടായിരുന്നു. ആരെ കൊണ്ടു പോകണമെന്ന് സ്വയം തീരുമാനിക്കാതെ നറുക്കിടുകയായിരുന്നു പതിവ്.  (ഇബ്നു മാജഃ 1970 നോക്കുക) മക്കയില്‍ നിന്ന് മദീനയിലേക്കു ഹിജ്റഃ വന്നപ്പോള്‍ ഓരോ അന്‍സ്വാരിയും തിരുമേനിക്ക് തന്റെ വീട്ടില്‍ ആതിഥ്യം നല്‍കുന്നതിനു മത്സരിക്കുകയുണ്ടായി. ഓരോരുത്തരും നബിയുടെ ഒട്ടകത്തിന്റെ മൂക്കു കയര്‍ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.  ഒരാളുടെ ക്ഷണം സ്വീകരിച്ചു മററുള്ളവരെ തിരസ്ക്കരിക്കുന്നതു ഭംഗിയല്ലല്ലോ.  അതു കൊണ്ട്  പ്രവാചകരുടെ പ്രഖ്യാപനം ഇങ്ങനെ ആയിരുന്നു. നിങ്ങള്‍ ഒട്ടകത്തെ വിടുക, അതിനു പ്രത്യേക കല്‍പ്പന ഉണ്ട്്.’  അവസാനം ഒട്ടകം അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ വീട്ടിനു മുമ്പില്‍ മുട്ട് കുത്തി. തിരുമേനി അവിടെ ഇറങ്ങി.
പ്രവാചകരുടെ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബിന്റെ അമ്മാവന്മാരായ ബനുന്നജ്ജാര്‍ കുടുംബത്തില്‍പ്പെട്ടവരായിരുന്നു അബൂ അയ്യൂബ് (റ). അദ്ദേഹം നബിയുടെ സാധന സാമഗ്രികള്‍ തന്റെ വീട്ടിലേക്കു കൊണ്ടു പോയി. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു, പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു. ആര്‍ക്കും അതില്‍ ഒരനിഷ്ടവുമുണ്ടായിരുന്നില്ല. (അല്‍ ബിദായത്തു വന്നിഹായ 3/202, ശറഹുല്‍ മവാഹിബ് 2/162)
നബി (സ്വ) ആരെയും തെററിദ്ധരിക്കുകയോ തെററിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല. ആര്‍ക്കെങ്കിലും വല്ല സംശയവും ഉണ്ടായാല്‍ ഉടനെ ശരിയായ വിശദീകരണം നല്‍കി  സംശയം നീക്കുമായിരുന്നു. കൂടുതല്‍ സമരാര്‍ജ്ജിത സമ്പത്തു മുസ്ലിംകള്‍ക്ക് ലഭിച്ച യുദ്ധമായിരുന്നു ഹിജ്റഃ 8-ാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ നടന്ന ഹുനൈന്‍  യുദ്ധം. സമരാര്‍ജജിത സമ്പത്ത് വിതരണം  ചെയ്തപ്പോള്‍ നവ മുസ്ലിംകളായ ഖുറൈശികള്‍ക്കും മററു ചില അറബികള്‍ക്കും തിരുമേനി വളരെ ഉദാരമായി കൊടുത്തതില്‍ മദീനക്കാരായ ചിലര്‍ക്ക് അല്‍പം അനിഷ്ടം തോന്നി. ഉടനെ നബി മദീനക്കാരായ അന്‍സ്വാറുകളെ ഒരിടത്ത് ഒരുമിച്ച് കൂട്ടി. ഒരു വിശദീകരണ പ്രഭാഷണം നടത്തി. നവ മുസ്ലിംകളെ മാനസികമായി ഇണക്കുന്നതിന് വേണ്ടി മാത്രമാണ് അവര്‍ക്ക് നിര്‍ലോഭമായി നല്‍കിയതെന്നും സ്വജനപക്ഷപാതത്തിന്റെ യാതൊരു ഭാവവും അതിലില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. ഹ്രസ്വമെങ്കിലും അമാനുഷികമായിരുന്നു ആ പ്രസംഗം. അന്‍സ്വാറുകളെ അതു കരയിപ്പിക്കുകയുണ്ടായി (ദലാഇലുന്നുബുവ്വ-ബൈഹഖി 5/177)
വിശന്നു വലഞ്ഞ ഘട്ടത്തില്‍പ്പോലും കൂട്ടുകാരെ ഒഴിവാക്കി സദ്യ ഉണ്ണുന്ന പതിവ് പ്രവാചകര്‍ക്കുണ്ടായിരുന്നില്ല. ഹിജ്റഃ 5-ാം വര്‍ഷം ഖന്‍ദഖ് യുദ്ധത്തിന്റെ മുന്നോടിയായി മദീനയുടെ വടക്കു വശത്ത് കിടങ്ങ് കുഴിക്കുന്ന ജോലിയില്‍ നബി (സ്വ) യും അനുയായികളും വ്യാപൃതരായപ്പോള്‍ തിരുമേനിയുടെ ഒട്ടിയ വയര്‍ കണ്ടു സങ്കടപ്പെട്ട ജാബിര്‍ (റ) വീട്ടില്‍ ചെന്നു വല്ലതുമുണ്ടോ  എന്നന്വേഷിച്ചു. ഒരു സാഅ് (3.200 ലിറ്റര്‍) യവവും ഒരാട്ടിന്‍ കുട്ടിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ജാബിര്‍ (റ) ആടിനെ അറുത്തു. ഭാര്യ യവം പൊടിച്ചു. എന്നിട്ട് തിരുമേനിയുടെ അടുത്തു വന്ന് ജാബിര്‍ (റ) സ്വകാര്യമായി പറഞ്ഞു: പ്രവാചകരേ, ഞങ്ങള്‍ ഒരാട്ടിന്‍കുട്ടിയെ അറുക്കുകയും ഒരു സ്വാഅ് യവം പൊടിച്ച് വെക്കുകയും ചെയ്തിട്ടുണ്ട്. അതേ ഞങ്ങളുടെയടുത്തുള്ളൂ. അത് കൊണ്ട് അങ്ങയും ഒപ്പം ഏതാനും വ്യക്തികളും മാത്രം വരിക. തിരുമേനി ജാബിറിന്റെ ക്ഷണം സ്വീകരിച്ചു. പക്ഷേ പട്ടിണി കിടന്നദ്ധ്വാനിക്കുന്ന 1,000 ത്തോളം വരുന്ന അനുയായികളെ അവിടെ നിര്‍ത്തി  സദ്യ ഉണ്ണുന്നത് തിരുമേനിക്കിഷ്ടമായിരുന്നില്ല. അവിടുന്ന് ഉറക്കെ വിളിച്ച് പറഞ്ഞു: ഓ കിടങ്ങ് ജോലിക്കാരേ, ജാബിര്‍ ഒരു സദ്യ തയ്യാര്‍ ചെയ്തിട്ടുണ്ട്്. നിങ്ങള്‍ക്കെല്ലാം സ്വാഗതം. പ്രവാചകരുടെ ഉദ്ദേശ്യം എല്ലാവരുടെയും വിശപ്പു തീര്‍ക്കുകയെന്നതായിരുന്നു. അത് അല്ലാഹു നിറവേറ്റി. തിരുമേനി ജനങ്ങള്‍ക്ക് മുമ്പേ വന്നു. എന്നിട്ടു ഗോതമ്പ് മാവിലും മാംസച്ചട്ടിയിലും തുപ്പിക്കൊണ്ട് ബറക്കത്തിനായി പ്രാര്‍ഥിച്ചു. തിളച്ച് കൊണ്ടിരിക്കുന്ന ചട്ടിയില്‍ നിന്നു മാംസക്കറി വിളമ്പിക്കൊണ്ടേയിരുന്നു. ഗോതമ്പ് മാവ് കൊണ്ട് റൊട്ടി ചുട്ട് കൊണ്ടേയിരുന്നു. 1,000 പേര്‍ കഴിച്ചിട്ടും അവ രണ്ടിനും യാതൊരു കുറവും സംഭവിച്ചില്ല. (ബുഖാരി 4102, മുസ്ലിം 141 നോക്കുക)
ചെറുപ്പം മുതല്‍ക്കേ നബി തിരുമേനി (സ്വ) കൂട്ടുകാരോട് എല്ലാ നല്ല കാര്യങ്ങളിലും സഹകരിച്ചാണ് വളര്‍ന്നത്. ഹലീമഃ ബീവിയുടെ അടുത്ത് താമസിച്ചപ്പോള്‍ അവരുടെ കുട്ടികളോടൊപ്പം തിരുമേനിയും ആടിനെ മേക്കാന്‍ പോകാറുണ്ടായിരുന്നു. (ബൈഹഖി 5/29 നോക്കുക) 6 വയസ്സ് പ്രായമുള്ളപ്പോള്‍ തിരുമേനിയുമായി മാതാവ് മദീനയില്‍ വന്നു പിതാമഹന്റെ അമ്മാവന്മാരായ ബനുന്നജജാര്‍ കുടുംബത്തില്‍ ഒരു മാസക്കാലം താമസിക്കുകയുണ്ടായി.  ഈ കാലയളവില്‍ അവരുടെ ഒരു ജലാശയത്തില്‍ നീന്തല്‍ പരിശീലനം നേടുകയുണ്ടടായി. പ്രവാചകത്വ ലബ്ധിക്കു മുമ്പ് സ്വകരം കൊണ്ട് അദ്ധ്വാനിച്ചാണ് ഉപ ജീവനം നയിച്ചിരുന്നത്. ജോലി ചെയ്യാന്‍ പ്രായമായപ്പോള്‍ തന്നെ മക്കക്കാര്‍ക്ക് വേണ്ടി ആടിനെ മേക്കുമായിരുന്നു. യൌവ്വനദശ പ്രാപിച്ചപ്പോല്‍ കച്ചവടം ചെയ്യുമായിരുന്നു. മക്കയിലെ കുബേരയായ ഖദീജാ ബീവിയുടെ സമ്പത്തില്‍ കച്ചവടം നടത്തുമ്പോഴുണ്ടായ അത്ഭുത സംഭവങ്ങളാണ് അവര്‍ തമ്മിലുള്ള വിവാഹത്തിലേക്കു വഴി തെളിയിച്ചത്. അനീതിക്കെതിരെയുള്ള സമരം പ്രവാചകര്‍ക്കു നേരത്തെ തന്നെ പ്രിയങ്കരമായിരുന്നു. ജാഹിലിയ്യാ കാലത്തു നീതിക്കു വേണ്ടി നടന്ന ഫുജാര്‍ യുദ്ധത്തിലും ഫുളൂല്‍ സഖ്യത്തിലും തിരുമേനി പങ്കെടുത്തിരുന്നു. നുബുവ്വത്തിനു ശേഷമുള്ള ജീവിതം അസത്യത്തിനും അനീതിക്കും അനാചാരത്തിനും അജ്ഞതക്കുമെതിരെയുളള സമരമായിരുന്നു. ആദര്‍ശപരമായ ശാന്തസമരം. ശാന്തിയും സമാധാനവും ഇഷ്ടപ്പെടാതെ വാളെടുത്തവര്‍ക്കെതിരെ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതിരോധത്തിനായി പ്രവാചകനും വാളെടുത്തിട്ടുണ്ട്. തിരുമേനി കേന്ദ്രത്തിലിരുന്നു അനുയായികളെ യുദ്ധത്തിനു വിടുകയായിരുന്നില്ല. പ്രത്യുത അവരോടൊപ്പം നേതൃത്വം നല്‍കി ഗസ്വത്തുകള്‍ നടത്തുകയായിരുന്നു.  അനുയായികള്‍ തോറ്റോടാന്‍ നിര്‍ബന്ധിതരായ അപൂര്‍വ്വ സന്ദര്‍ഭങ്ങളിലും പ്രവാചകര്‍ രംഗത്ത് ഉറച്ച് നിന്ന് ആയോധനം നടത്തിയത് ചരിത്ര പ്രസിദ്ധമാണ്. തക്കതായ പ്രതിബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ് നബി പോകാതെ സരിയ്യത്തുകളെ വിട്ടിട്ടുള്ളത്. ആ സരിയ്യത്തുകള്‍ക്ക്  തന്നെ പലപ്പോഴും മദീനയുടെ അതിര്‍ത്തി വരെ പോയി യാത്രയയപ്പു നല്‍കിയതു കാണാം.
വീട്ടുകാര്‍ക്കും നല്ലൊരു കൂട്ടുകാരനായിരുന്നു തിരുമേനി. വീട്ടു ജോലികളില്‍ ഒരു സാധാരണ അംഗത്തെപ്പോലെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകരുടെ പ്രിയ പത്നി  ആഇശ (റ) യോട് ചോദിക്കപ്പെട്ടു: വീട്ടില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ എന്തായിരുന്നു ചെയ്തിരുന്നത്?’  അവര്‍ പറഞ്ഞു: വീട്ടിലെത്തിയാല്‍ തിരുമേനി മനുഷ്യരില്‍ ഒരു മനുഷ്യരായിരുന്നു. വസ്ത്രം വൃത്തിയാക്കും, ആടിനെ കറക്കും, സ്വന്തം കാര്യങ്ങളൊക്കെ ചെയ്യും (അഹ്മദ് 6/256) മറെറാരിക്കല്‍ ആഇശാ ബീവി (റ) പറഞ്ഞു:  ’നിങ്ങളിലൊരാള്‍ സ്വന്തം വീട്ടില്‍ ജോലി ചെയ്യുന്നത് പോലെ നബി (സ്വ) വീട്ടില്‍ ജോലി ചെയ്യുമായിരുന്നു. (അഹ്മദ് 6/121)
അനുയായികളെ സമ ദൃഷ്ടിയോടെ വീക്ഷിക്കുന്ന നിലപാടായിരുന്നു പ്രവാചകരുടേത്.  തെററ് എത്ര ഗുരുതരമായിരുന്നാലും  പരമാവധി വിട്ടുവീഴ്ച ചെയ്തു സഹിഷ്ണുതയോടെ അവരുടെ സഹകരണം നില നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു തിരുമേനി ചെയ്തിരുന്നത്. അകറ്റാനല്ല അടുപ്പിക്കാനാണ് അവിടുത്തെ  ശ്രമം. ഘിജ്റഃ 8-ാം വര്‍ഷം ഹുനൈന്‍ യുദ്ധം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മക്കയുടെ സമീപം ജിഅ്റാനത്ത് എന്ന സ്ഥലത്ത് ഒരാള്‍ തിരുമേനിയെ സമീപിച്ചു. ബിലാലിന്റെ വശം കൊടുത്തേല്‍പ്പിച്ച വെള്ളിയെടുത്ത് തിരുമേനി ജനങ്ങള്‍ക്ക് വിതരണം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: ഓ മുഹമ്മദ് നീതി പുലര്‍ത്തുക!’  അപ്പോള്‍ നബി (സ്വ) പറഞ്ഞു: കഷ്ടം ഞാന്‍ നീതി പുലര്‍ത്തിയില്ലെങ്കില്‍ ആരാണ് നീതി പുലര്‍ത്തുക; ഞാന്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ നീ നൈരാശ്യം പിണഞ്ഞവനും നഷ്ട ബാധിതനും തന്നെ. തദവസരം ഉമര്‍ (റ) അയാളെ വധിക്കാന്‍ അനുവാദം ചോദിച്ചു: പ്രാവചകരെ എന്നെ വിടൂ ഈ കപടനെ ഞാന്‍ വധിക്കട്ടെ. ഉമര്‍ (റ) ന്റെ വൈകാരികമായ ഈ നിലപാടിനോട് വിവേകപൂര്‍വ്വം പ്രവാചകര്‍ പ്രതികരിച്ചു: എന്റെ കൂട്ടുകാരെ ഞാന്‍ തന്നെ വധിക്കുന്നു എന്ന് ജനങ്ങള്‍ സംസാരിക്കാന്‍ ഇടവരുന്നതില്‍ നിന്ന് അല്ലാഹുവില്‍ അഭയം (മുസ്ലിം 1063).


04:46 | Posted in | Read More »