|

ഖുര്‍ആനും വൈദ്യശാസ്ത്രവും

ആരോഗ്യപരിപാലനവും ചികിത്സയും ഇസ്ലാമിക വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാ ഗമായാണ് വളര്‍ന്നുവന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപദാര്‍ഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുര്‍ആന്‍ നല്ലതും അനുവദനീയമായതുമേ ആഹരിക്കാവൂ എന്ന് അനുശാസിക്കുകയും ചെയ്തു. ശുചിത്വം, വ്യായാമം, വിശ്രമം, ഉപവാസം, മിതഭോജനം, ആരോഗ്യപൂര്‍ണമായ ശീലങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതാണ് ഇസ്ലാമില്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള ആരാധനകളും അനുഷ്ഠാനങ്ങളും. നിത്യേന അഞ്ചുനേരങ്ങളിലുള്ള പ്രാര്‍ഥന ആത്മാവിനു ശാന്തിയും മനസ്സിന് നവോന്മേഷവും ശരീരത്തിന് ഓജസ്സും നല്‍കുന്നു. വ്രതാനുഷ്ഠാനം ആത്മീയമായ ഉല്‍ക്കര്‍ഷത്തോടൊപ്പം ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണവും ഉറപ്പുവരുത്തുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിര്‍ത്തുന്നതില്‍ ധ്യാനത്തിനും പ്രാര്‍ഥനക്കുമുള്ള പങ്ക് സുവിദിതമാണ്.
ആരോഗ്യപരിപാലനത്തിന്റെ ആത്മീയമായ സാധ്യതകളെല്ലാം നിലനില്‍ക്കെത്തന്നെ മരുന്നുപയോഗിച്ചുള്ള ചികിത്സയുടെ പ്രാധാന്യവും പ്രവാചകന്‍ തന്റെ അനുചരന്മാരെ അഭ്യസിപ്പിക്കുകയുണ്ടായി. ഓരോ രോഗത്തിനും ഔഷധമുണ്ട് (ലികുല്ലി ദാഉന്‍ ദവാഉന്‍) എന്ന തിരുനബിയുടെ പ്രസ്താവന പ്രസിദ്ധമാണ്. അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അന്ധവിശ്വാസാധിഷ്ഠിതമായ ചികിത്സാമുറകളെയെല്ലാം നിരുത്സാഹപ്പെടുത്തിയ പ്രവാചകന്‍ രോഗം വരുമ്പോള്‍ ചികിത്സിക്കുക എന്ന ശീലം അനുയായികളില്‍ വളര്‍ത്തിയെടുത്തു. വൈദ്യപഠനത്തിനും അവിടുന്ന് പ്രോത്സാഹനം നല്‍കി.
പ്രവാചകവൈദ്യം
ആരോഗ്യപരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങള്‍ പ്രത്യേകം സമാഹരിക്കപ്പെട്ടിട്ടുണ്ട്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ് സമാഹര്‍ത്താക്കള്‍ കിതാബുത്വിബ്ബ് (വൈദ്യപുസ്തകം) എന്ന ശീര്‍ഷകം നല്‍കി ഇത്തരം ഹദീസുകള്‍ ക്രോഡീകരിച്ചിരിക്കുന്നു. ത്വിബ്ബുന്നബി (പ്രവാചകവൈദ്യം) എന്നപേരിലാണ് നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്. പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി (ഹി. 4-ാം നൂറ്റാണ്ട്) അബൂനുഐം (ഹി. 5-ാം നൂറ്റാണ്ട്), ഇബ്നുല്‍ഖയ്യിം അല്‍ ജൌസി (ഹി. 8-ാം നൂറ്റാണ്ട്), അബൂ അബ്ദില്ലാഹിദ്ദഹബി (ഹി. 8-ാം നൂറ്റാണ്ട്), അബ്ദുറഹ്മാനുസ്സുയൂത്വി (ഹി. 9-ാം നൂറ്റാണ്ട്) എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്. ഇംഗ്ളീഷ് ഉള്‍പെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് ത്വിബ്ബുന്നബി ഹദീസ് സമാഹാരങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ തിരുനബിയോട് ഒരു ശിഷ്യന്‍ ചോദിച്ചു: മരുന്ന് കൊണ്ട് വല്ല ഉപയോഗവുമുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ.
ദൈവദാസരേ, ഔഷധമുപയോഗിക്കുക, മരുന്ന് സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച്ചിട്ടില്ല. എന്ന് തിരുനബി അരുളി. രോഗം ദൈവകോപമല്ല എന്നു പ്രവാചകന്‍ അനുയായികളെ ബോധ്യപ്പെടുത്തിയിരുന്നു. ദൈവദൂതന്മാര്‍ക്കും രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന് നബി ഓര്‍മിപ്പിച്ചു.
ഡഗ്ളാസ് ഗുഥ്രി (Douglas Guthrie) തന്റെ എ ഹിസ്റ്ററി ഓഫ് മെഡിസിനില്‍ അഭിപ്രായപ്പെടുന്നത് മുഹമ്മദ് നബിയുടെ വചനങ്ങളാണ് വൈദ്യമേഖലയില്‍ വന്‍പുരോഗതി കൈവരിക്കാന്‍ മധ്യകാലഘട്ടത്തിലെ മുസ്ലിം ഭിഷഗ്വരന്മാര്‍ക്ക് പ്രേരണയായത് എന്നാണ്.
രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്യുക എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടുള്ള ആറു കടപ്പാടുകളില്‍ ഒന്നായാണ് നബി എണ്ണിയിരിക്കുന്നത്. രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ ശരിയായ വൈദ്യോപദേശം തേടാനും നബി രോഗികളോട് ആവശ്യപ്പെടുക പതിവായിരുന്നു. ഒരിക്കല്‍ നബി സഅ്ദുബ്നു അബീവഖാസ്വിനെ സന്ദര്‍ശിച്ചു. ഹൃദ്രോഗബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. നബി നെഞ്ചു തടവിയപ്പോള്‍ സഅദിനു അല്‍പം ആശ്വാസം തോന്നി. എങ്കിലും നബി സഅദിനോട് പറഞ്ഞു:സൂക്ഷിക്കണം. ഹൃദ്രോഗമാണ്. ഹാരിസുബ്നു കല്‍ദയെ കാണിക്കുക. അദ്ദേഹം നല്ല വൈദ്യനാണ്.
രോഗികളെ ശ്രദ്ധയോടെ പരിചരിക്കണമെന്ന് നബി വൈദ്യന്മാരെ ഉപദേശിച്ചു. ഔഷധ പ്രയോഗത്തില്‍ വൈദഗ്ധ്യമുള്ളവര്‍ മാത്രമേ ചികിത്സിക്കാവൂ എന്ന് നബി ഉപദേശിച്ചിരുന്നു.
നബി പല രോഗങ്ങള്‍ക്കും ചികിത്സ നിര്‍ദേശിക്കുകയുണ്ടായിട്ടുണ്ട്. തേന്‍, സുന്നാമാക്കി, കാരക്ക, ഒലീവ്, കരിഞ്ചീരകം, ഉലുവ, കറിവേപ്പ്, ഇഞ്ചി, കുങ്കുമം, പെരിഞ്ചീരകം, കറ്റുവാഴ തുടങ്ങിയവ നബി നിര്‍ദേശിച്ച ഔഷധങ്ങളില്‍ പെടുന്നു.
പ്ളേഗ് ബാധിച്ച സ്ഥലത്തേക്ക് പോകരുതെന്നും പ്ളേഗ് ബാധിച്ച സ്ഥലത്തു നിന്ന് മറ്റു നാ ടുകളിലേക്ക് ഓടിപ്പോകരുതെന്നുമുള്ള പ്രവാചകന്റെ ഉപദേശം സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ മുന്‍കരുതലിനെ സൂചിപ്പിക്കുന്നു.
രോഗങ്ങളെക്കുറിച്ച് അറബികള്‍ വെച്ചുപുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളെ പ്രവാചകന്‍ തിരുത്തി. പുതിയൊരു വൈദ്യശാസ്ത്ര വിപ്ളവത്തിന് ഇതുവഴി പ്രവാചകന്‍ തു ടക്കം കുറിച്ചു.


Posted by Unknown on 01:25. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response