റൌള: കാലഘട്ടങ്ങളിലൂടെ
റൌളത്തുശ്ശരീഫ! വിശ്വാസിയുടെ ഹൃദയഭൂമി.
പ്രേമാതിരേകത്തിന്റെ വികാരതീഷ്ണതയില്‍ വിശ്വാസി വിശുദ്ധറൌള നെഞ്ചകത്തിലേറ്റി
നടക്കുകയാണ്. പാമ്പ് മാളത്തിലഭയം തേടുന്നതു പോലെ അവന്‍ മദീനയിലേക്ക് ഉള്‍വലിയുന്നു.
(ബുഖാരി-?മിശ്കാത്ത്. പേ:29) തിരുസത്തയുടെ അനുഗ്രഹീത സ്പര്‍ശം കൊണ്ട്
ധന്യമായിത്തീര്‍ന്ന മണ്ണിലേക്ക് ?- സ്വര്‍ഗ്ഗത്തിന്റെ ഒരു കഷ്ണമാണത്. (ബസ്സാര്‍,
ത്വബ്റാനി, അബൂത്വാഹിര്‍) മാലാഖമാരുടെ അനന്ത ശ്രേണി ആകാശത്തി നുമപ്പുറത്തേക്ക്
നീണ്ടു കിടക്കുന്നു. തങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത മനുഷ്യപുഷ്പത്തിനു
വേണ്ടി കോടാനുകോടിയുടെ ബാഷ്പമണികള്‍ അവിടെ ഇറ്റിവീഴുന്നു. അത് തിരുസ്പര്‍ശമേറ്റു
കിടക്കുന്ന പുണ്യമണ്ണ്. അണ്ഡകടാഹങ്ങളിലെ അഖില വസ്തുക്ക ളെക്കാളും വിശുദ്ധമത്രെ.
കഅ്ബയേക്കാള്‍, അര്‍ശിനേക്കാള്‍… സ്വര്‍ഗ്ഗത്തേക്കാള്‍ (ഇബ്നു
അഖീല്‍ പറഞ്ഞ ഈ അഭിപ്രായം ഇബ്നു ഖയ്യിം തന്റെ ബദാഇലുല്‍ വഫാഇദ്. ഉദ്ധരണം മഫാഹീം,
പേ 197) ആ പുണ്യമണ്ണുകൊണ്ട് മദീന മാത്രമല്ല ഭൂമി മുഴുക്കേയും പവിത്രമായി.
സൂര്യചന്ദ്രന്മാര്‍ അല്ല അന്തകോടി ആകാശഗംഗകള്‍ മുഴുക്കേയും ഭൂമിയെ നോക്കി
അസൂയപ്പെടുകയാണ്. എങ്ങനെ അസൂയപ്പെടാതിരിക്കും.
എല്ലാ
പ്രഭാതത്തിലും എഴുപതിനായിരം മാലാഖമാര്‍ ചിറകടിച്ച് ഇറങ്ങിവന്ന് സ്വലാത്ത് നിര്‍വ്വഹിക്കുകയാണവിടെ.
സന്ധ്യയാകുമ്പോള്‍ അവര്‍ കയറിപ്പോവുകയും മറ്റൊരു എഴുപതിനായിരം ഇറങ്ങിവരികയും
ചെയ്യുന്നു. (മുസ്നദുദ്ദാരിമി, വാ:1, പേ:44) നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്ത്,
നമ്മുടെ സ്വലാത്തുകളും സലാമുകളും (ത്വബ്റാനി, ബസാര്‍, അബൂദാവൂദ്, ഇബ്നുമാജ,
ദാറുഖുത്നീ… ഉദ്ധരിച്ച സ്വഹീഹായ
ഹദീസുകള്‍) സ്വീകരിച്ച് വേവലാതികളും പരിവേദനങ്ങളും കേട്ട്, സുകൃതങ്ങളും
വികൃതങ്ങളുമറിഞ്ഞ് അതുല്യമായൊരു ബര്‍സഖീ ജീവിതം! സുകൃതം കാണുമ്പോള്‍ അവിടുന്ന്
നാഥനെ സ്തുതിക്കുന്നു. തീയതറിയുമ്പോള്‍ മാപ്പിനപേക്ഷിക്കുന്നു. (ബസാര്‍ ഉദ്ധരിച്ച
ഹദീസ് സുയൂഥി, ഖസ്ത്വല്ലാനി, ഹാഫിളുല്‍ഹൈതമി എന്നിവര്‍ സ്വഹീഹാക്കിയിരിക്കുന്നു) ‘കാര്യങ്ങളെ നിയന്ത്രിക്കുന്ന’ (ഖുര്‍ആന്‍ 79/5, റാസി സഹിതം (31/31, 78/1))
ആത്മാവുകളുടെ നേതാവാണവിടുന്ന്. പ്രപഞ്ചത്തിന്റെ ചലനത്തില്‍ ആ മഹാത്മാവിന്റെ
സാന്നിധ്യമുണ്ട്. പരംപൊരുള്‍ തന്റെ പരിപൂര്‍ണ്ണ ദാസനെ പ്രേമിക്കുന്നതിന്റെ
പരമകാഷ്ടയാണത്. അടിമത്തത്തിന്റെ പാരമ്യതയാണ് ഈ വിശുദ്ധ മണ്ണിനെ ആകാശങ്ങളേക്കാള്‍
അത്യുല്‍കൃഷ്ടമാക്കിയതെന്ന് സിദ്ധം. ആ വിശുദ്ധ മുറിക്കൊപ്പം നമുക്ക്
ചരിത്രത്തിലൂടെ സഞ്ചരിച്ചു നോക്കാം. പുറംപകിട്ടുകള്‍ക്കപ്പുറമുള്ള, പ്രകാശമാനമായ
ചരിത്രശകലങ്ങളിലേക്കു നമുക്കെത്തിനോക്കാം.
ഇബ്നു
ജുറൈജ് പറയുന്നു: നബി (സ്വ) യെ എവിടെയാണ് മറവുചെയ്യുകയെന്നതിനെക്കുറിച്ച്
സ്വഹാബത്തിന് നിശ്ചയമുണ്ടായിരുന്നില്ല. അവസാനം അബൂബക്ര്‍ (റ) പറഞ്ഞു. ഒരു
പ്രവാചകനും മരിച്ച സ്ഥലത്തല്ലാതെ ഖബറടക്കപ്പെട്ടിട്ടില്ലെന്ന് നബി (സ്വ) പറയുന്നത്
ഞാന്‍ കേട്ടിട്ടുണ്ട്. നബി (സ്വ) കിടന്നിരുന്ന വിരിപ്പ് നീക്കി
കുഴിവെട്ടി.(അഹ്മദ്) നബി (സ്വ) യെ മൂന്ന് വെള്ള
വസ്ത്രങ്ങളില്‍ കഫന്‍ ചെയ്യുകയും ജനങ്ങള്‍ ധാരാളം സംഘങ്ങളായി നിസ്കരിക്കുകയും
ചെയ്തു. അബ്ബാസ് (റ) ഉം അലി (റ) ഉം ഖബറില്‍ ഇറങ്ങി ‘ലഹ്ദ്’ (മണ്ണ്
തുരന്നെടുക്കപ്പെട്ട സ്ഥലം) ഇഷ്ടിക കൊണ്ട് പടുത്തു. പിന്നെ മണ്ണിട്ടു മൂടി. ശേഷം
വെള്ളം കുടഞ്ഞു. ഖബറടക്കല്‍ കഴിഞ്ഞയുടനെ പുത്രി ഫാത്വിമ (റ) ചോദിച്ചുവത്രെ. ‘അനസേ’, തിരുനബിക്കു മേല്‍ മണ്ണ് കോരിയിടാന്‍ നിങ്ങളുടെ മനസ്സ്
സമ്മതിച്ചുവോ?’
ഖബറിന്റെ
രൂപം
ആരംഭദശയില്‍
ഖബര്‍ എങ്ങനെയായിരുന്നുവെന്നത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണുള്ളത്.
അവയില്‍ പ്രബലമായ അഭിപ്രായം ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ഉയര്‍ന്നതായിരുന്നുവെന്നാണ്.
സുഫ്യാനുത്തമര്‍ പറയുന്നു: നബി (സ്വ) യുടെ ഖബര്‍ ഉയര്‍ത്തപ്പെട്ടതായി ഞാന്‍ കണ്ടു.
(ബുഖാരി) അബൂബക്ര്‍ (റ) വഫാത്തായപ്പോള്‍ നബി (സ്വ) യുടെ ചാരത്തുതന്നെ മറവുചെയ്തു.
അതിനടുത്തായി ഉമര്‍ (റ) നേയും. ഇവരുടെ മൂന്നു പേരുടേയും ഖബറുകള്‍ സ്ഥിതിചെയ്യുന്ന
ക്രമം സംബന്ധിച്ച് നാഫിഅ് ഉദ്ധരിക്കുന്നതിങ്ങനെയാണ്. ഖിബ്ലയുടെ ഭാഗത്തേക്കായി
ഏറ്റവും മുമ്പില്‍ നബി (സ്വ) യുടേയും നബി (സ്വ) യുടെ തോളോടു ചേര്‍ന്ന് അബൂബക്ര്‍
(റ) വിന്റേയും അബൂബക്റിന്റെ തോളോടു ചേര്‍ന്ന് ഉമര്‍ (റ) വിന്റേയും ഖബറുകള്‍
സ്ഥിതിചെയ്യുന്നു (വഫാഉല്‍വഫാ, 2/556). ഹിജ്റ 86 ല്‍ ഭരണമേറ്റെടുത്ത വലീദുബ്നു
അബ്ദില്‍ മലികിന്റെ കാലത്ത് ഖബറിന്റെ കല്ലുനീങ്ങിയപ്പോള്‍ ഒരു കാല്‍ പുറത്തുകണ്ട
സംഭവം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. നബി (സ്വ) യുടെ പാദമായിരിക്കുമോ എന്ന്
ദൃക്സാക്ഷികള്‍ സംശയിച്ചു. അവര്‍ക്ക് സംഭ്രമമായി. ഇതറിഞ്ഞ ഉര്‍വ പറഞ്ഞു. ‘നിശ്ചയം ഇത് ഉമറിന്റെ കാലാണ്.’ വലീദിന്റെ കാലത്ത് ഉമറുബ്നുഅബ്ദില്‍ അസീസ്
മസ്ജിദില്‍ പരിഷ്കാരങ്ങള്‍ വരുത്തുകയുണ്ടായി (ഉംദത്തുല്‍ ഖാരി 8/227).
ഒരിക്കല്‍
മദീനാവാസികള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടു. അവര്‍ ആഇശ (റ) യോട് പരാതി പറഞ്ഞു. ആഇശ
(റ) പറഞ്ഞു. നിങ്ങള്‍ നബി (സ്വ) യുടെ ഖബറിനടുത്തേക്ക് ചെല്ലുക. എന്നിട്ട് റൌളയില്‍
നിന്ന് മുകളിലോട്ടു ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. ചെടികള്‍ ഇടതൂര്‍ന്ന്
വളര്‍ന്നു. ഒട്ടകങ്ങള്‍ തടിച്ചുകൊഴുത്തു. അതിനാല്‍ ആ വര്‍ഷത്തിന് ക്ഷേമവര്‍ഷം എന്ന
പേരു കിട്ടി (അല്‍വഫാ, ഇബ്നുല്‍ജൌസി). ഇബ്നു കസീര്‍ (റ) ഉദ്ധരിക്കുന്നു. (തഫ്സീര്‍
ഇബ്നുകസീര്‍, 1/520) അതബി പറയുകയുണ്ടായി. ഞാന്‍ നബി (സ്വ) യുടെ ഖബറിനു സമീപം
ഇരിക്കുകയായിരുന്നു. അന്നേരം ഒരു അഅ്റാബി വന്ന് സലാം ചൊല്ലി. നബിയേ അങ്ങയുടെ
അടുക്കല്‍ വന്നാല്‍ പടച്ചവന്‍ പൊറുത്തു തരുമെന്ന് ഖുര്‍ആനിലുണ്ടല്ലോ. അതിനാല്‍
അങ്ങയെക്കൊണ്ട് ഞാന്‍ ശിപാര്‍ശ തേടുന്നുവെന്ന് പറഞ്ഞ് നബിയെ സംബോധന ചെയ്തുകൊണ്ട്
ഒരു പദ്യശകലം ചൊല്ലി. അഅ്റാബി പോയപ്പോള്‍ എനിക്ക് ഉറക്കം വന്നു. ഉറക്കത്തില്‍ ഞാന്‍
നബിയെ കണ്ടു. അഅ്റാബിക്ക് പടച്ചവന്‍ പൊറുത്തുകൊടുത്തിരിക്കുന്നത് പറയാന്‍ നബി
എന്നോട് പറഞ്ഞു. ഇമാം നവവിയും ഇബ്നു ഖുദാമയും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.
തിരുശരീരം
മോഷ്ടിക്കാന്‍ ശ്രമങ്ങള്‍
നബി
(സ്വ) യുടെ പവിത്രശരീരം മദീനയില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുപോകുവാന്‍ അഞ്ചു തവണ
ശ്രമങ്ങളുണ്ടായി. (വഫാഉല്‍വഫാ, പേ:648, 654, സീറത്തുമസ്ജിദിന്നബവിയ്യിശ്ശരീഫ്).
നബി (സ്വ) യുടെ ശരീരം മദീനയില്‍ നിന്ന് മിസ്വ്റിലേക്ക് കൊണ്ടുവന്നാല്‍
മിസ്വ്റിന്റെ ഖ്യാതി വര്‍ദ്ധിക്കുമെന്ന് ചില നിരീശ്വരവാദികള്‍ ‘അല്‍ഹാകിമുബ്നു അംറില്ലാഹ്’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഉബൈദീ രാജാവിനെ
ധരിപ്പിച്ചു. രാജാവ് വിഷയം അബുല്‍ ഫുതൂഹിനെ ഏല്‍പ്പിച്ചു. തന്ത്രം മദീനക്കാരറിഞ്ഞു.
അവനെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘അല്ലാഹുവിനെ ഭയപ്പെടുക’ എന്നവന്‍ വിളിച്ചു പറഞ്ഞു. ഉടനെ ശക്തമായ കാറ്റടിക്കുകയും
ഭൂചലനമനുഭവപ്പെടുകയുമുണ്ടായി. അതിനിടെ ഭൂമി വിറക്കാന്‍ തുടങ്ങി. അബുല്‍ ഫുതൂഹ്
കീഴടങ്ങി. ഹിജ്റ 386 ലായിരുന്നു ഈ സംഭവം.
തിരുശരീരം
കട്ടുകൊണ്ടുപോകാന്‍ ഹിജ്റ 411 ല്‍ രണ്ടാമതും ഉബൈദി ശ്രമം നടത്തി. അദ്ദേഹം
നിയോഗിച്ച ഒരു സംഘമാളുകള്‍ റൌളക്കരികില്‍ ഒരു വീടുകെട്ടി തുരങ്കം നിര്‍മ്മിച്ചു
തുടങ്ങി. ഖബറിനടുത്തെത്തിയപ്പോള്‍ ആരോ ഉറക്കെ അട്ടഹസിക്കുന്നത് ജനം കേട്ടു. ‘നിങ്ങളുടെ പ്രവാചകന്‍ തുരക്കപ്പെടുന്നു.’ ആളുകള്‍ ഓടിക്കൂടി. ശത്രുക്കളെ പിടികൂടി വധിച്ചു.
മൂന്നാമത്തെ ശ്രമം അല്ലാമാ ജമാലുദ്ദീന്‍ അസ്നവി വിവരിക്കുന്നതിങ്ങനെ: നൂറുദ്ദീന്‍
ശഹീദിന്റെ ഭരണകാലം. നബി (സ്വ) യുടെ ഭൌതികശരീരം മദീനയില്‍ നിന്ന് തട്ടിയെടുക്കാന്‍
ഒരു സംഘം ക്രിസ്ത്യാനികള്‍ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ഖലീഫ പതിവുപോലെ
തഹജ്ജുദ് നിസ്കരിച്ച് ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ നബി (സ്വ), തവിട്ടുനിറമുള്ള
രണ്ടാളുകളെ ചൂണ്ടി ‘ഇവരില്‍ നിന്ന് എന്നെ
രക്ഷിക്കൂ’ എന്ന് പറയുന്നു. അദ്ദേഹം
വിഭ്രാന്തനായി ഞെട്ടിയുണര്‍ന്നു. വീണ്ടും ഉറങ്ങി. സ്വപ്നം മൂന്നുപ്രാവശ്യം ആവര്‍ത്തിച്ചു.
നൂറുദ്ദീന്‍ തന്റെ മന്ത്രി ജമാലുദ്ദീന്‍ മൂസ്വിലിയെ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു.
അദ്ദേഹം പറഞ്ഞു: ‘ഉടനെ മദീനയിലേക്ക്
പുറപ്പെടുക. അങ്ങ് കണ്ടത് മറച്ചുവെക്കുക.’ ഖലീഫയും മന്ത്രിയും മദീനയിലെത്തി. ഖലീഫ വന്നതറിഞ്ഞ് ആളുകള്‍
പള്ളിയില്‍ തടിച്ചുകൂടി. മന്ത്രി ജനങ്ങളോട് സംബോധിച്ചു: ‘സിയാറത്തിനു വന്ന ഖലീഫ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും
ദാനം നല്‍കുവാന്‍ ആഗ്രഹിക്കുന്നു. നാട്ടുകാരെ മുഴുവനും വിവരമറിയിക്കുക.’ ജനങ്ങള്‍ മുഴുവനും ഒഴുകിയെത്തി. സംഭാവനകള്‍
വാങ്ങി തിരിച്ചുപോയി. തവിട്ടു നിറമുള്ള രണ്ടുപേരെ തിരയുകയായിരുന്നു അദ്ദേഹത്തിന്റെ
കണ്ണുകള്‍. ‘ഇനി ആരെങ്കിലും
ബാക്കിയുണ്ടോ?’ അദ്ദേഹം അന്വേഷിച്ചു. ‘പാശ്ചാത്യരായി രണ്ടുപേര്‍ മാത്രമേ ബാക്കിയുള്ളൂ.
അവര്‍ ആരില്‍നിന്നും ഒന്നും വാങ്ങാറില്ല. മറ്റുള്ളവര്‍ക്ക് ധാരാളം ദാനം
ചെയ്യാറുള്ളവരുമാണവര്‍.’ ‘അവരെ കൊണ്ടുവരൂ.’ ഖലീഫ ഉത്തരവിട്ടു. നബി (സ്വ) ചൂണ്ടിക്കാണിച്ച അതേ മനുഷ്യര്‍.
‘നിങ്ങളുടെ താമസ സ്ഥലം?’ ‘ഞങ്ങള്‍ റൌളക്കടുത്ത് ഒരു കൊച്ചു കുടിലില്‍ താമസിക്കുന്നു.’ ഖലീഫ അവരുടെ കുടിലിലേക്കു ചെന്നു. രണ്ട് ‘ഖത്മതു’കള്‍, കുറച്ചു പുസ്തകങ്ങള്‍, ധാരാളം സമ്പത്ത്, കുടിലിലെ ആകെ
സാമഗ്രികള്‍. ഇതുകണ്ട് മദീനക്കാര്‍ ഇവരുടെ അപദാനങ്ങള്‍ പറയാന്‍ തുടങ്ങി. ‘എന്നും വ്രതമാണ്. എല്ലാ നിസ്കാരങ്ങള്‍ക്കും
പള്ളിയിലുണ്ടാകും. എന്നും സിയാറത്ത് ചെയ്യും. എല്ലാ പുലര്‍ച്ചയും ബഖീഇല്‍ പോകും.
എല്ലാ ശനിയാഴ്ചയും ഖുബായില്‍ പോകും. എന്തു ചോദിച്ചവനേയും നിരാശരാക്കില്ല…’
മുറിക്കകത്തു
കിടന്ന ഒരു പായ ഖലീഫ ഉയര്‍ത്തി നോക്കി. ഹുജ്റത്തുശ്ശരീഫക്കുനേരെ ഒരു തുരങ്കം.
ജനങ്ങള്‍ അന്ധാളിച്ചു. ചോദ്യം ചെയ്തപ്പോള്‍ നബി (സ്വ) യുടെ ശരീരം മോഷ്ടിച്ചു
കൊണ്ടുപോകാന്‍ ക്രിസ്ത്യാനികള്‍ പറഞ്ഞയച്ച ചാരന്മാരാണ് തങ്ങളെന്ന് അവര്‍
കുറ്റസമ്മതം നടത്തി. ‘എല്ലാ ദിവസവും രാത്രി
കുഴിക്കും. രാവിലെ കുഴിച്ചെടുത്ത മണ്ണ് ബാഗിലാക്കി ജന്നത്തുല്‍ ബഖീഇല്‍ ഖബറുകള്‍ക്കിടയില്‍
നിക്ഷേപിക്കും. കുറേ നാളായി തുരങ്ക നിര്‍മ്മാണം തുടരുകയാണ്. ഇന്നലെ
ലക്ഷ്യസ്ഥാനത്തിനടുത്തെത്തിയിരുന്നു.’ അവര്‍ വധിക്കപ്പെട്ടു. ഹിജ്റ 557 ലാണ് സംഭവം.
ഹിജ്റ
578 ലാണ് നാലാമത്തെ ശ്രമം നടന്നത്. അതിന്റെ സൂത്രധാരകരെ പെട്ടെന്നു
കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്തു. അഞ്ചാം ശ്രമത്തെക്കുറിച്ച്
മുഹിബ്ബുത്വബ്രി തന്റെ ‘അര്‍രിയാളുനളീറ ഫീ
ഫളാഇലില്‍ അശ്റ’ എന്ന കൃതിയില്‍ വിശദമായി
പറയുന്നുണ്ട്. ഹലബുകാരില്‍പ്പെട്ട ഒരു സംഘമാളുകള്‍ അന്നത്തെ രാജാവിന് ധാരാളം അമൂല്യമായ
സമ്മാനങ്ങള്‍ നല്‍കി സ്വാധീനിച്ച് ഹുജ്റ തുറന്ന് അബൂബക്റിനേയും ഉമറിനേയും
പൊക്കിക്കൊണ്ടുപോകാന്‍ സമ്മതം വാങ്ങി. ഹുജ്റ പരിചാരകനോട് രാജാവിന്റെ ദൂതന്‍
പറഞ്ഞു. ‘ഇന്നിവിടെ കുറച്ചാളുകള്‍
വരും. അവര്‍ ചെയ്യുന്നത് ചെയ്യട്ടെ. ഒന്നും തടയരുത്.’ ഇശാഅ് നിസ്കാരം കഴിഞ്ഞു വാതിലുകളടച്ചു.
പെട്ടെന്ന് വാതിലില്‍ ആരോ മുട്ടുന്നത് കേട്ടു. തുറന്നു നോക്കുമ്പോള്‍ നാല്‍പ്പതോളം
വരുന്ന സായുധസേന പള്ളിയിലേക്ക് ഇരച്ചുകയറുന്നു. റൌളയാണ് ലക്ഷ്യം. പക്ഷേ,
മിമ്പറിനടുത്തെത്തിയപ്പോഴേക്കും ഭൂമി അവരെ വിഴുങ്ങിക്കളഞ്ഞു.
സിയാറത്തിനു
വരുന്ന വിശ്വാസികള്‍ക്ക് റൌളയില്‍ നിന്ന് ഒട്ടനവധി ആശ്ചര്യകരമായ അനുഭവങ്ങളുണ്ട്.
മഹാനായ മാലിക് (റ), നബി (സ്വ) യുടെ ഖബര്‍ ഞാന്‍ സിയാറത്ത് ചെയ്തുവെന്ന്
പറയുന്നതുപോലും വെറുത്തിരുന്നു. നബി (സ്വ) യെ സിയാറത്ത് ചെയ്തുവെന്ന് പറയുന്നതാണ്
അദബ് (ഫത്ഹ്ബാരി, 3/66). ശൈഖ് രിഫാഈ റൌള സന്ദര്‍ശിച്ചു. അദമ്യപ്രേമത്താല്‍
അനിയന്ത്രിതമായ ഹൃദയത്തില്‍ നിന്ന് അതുല്യമായ കവിതകള്‍ വിരിയുകയും ചെയ്തപ്പോള്‍
തിരുനബി (സ്വ) തന്റെ തിരുകരം ശൈഖിനു നീട്ടിക്കൊടുത്തു. ശൈഖ് കൈ ചുംബിച്ചു. കൈ
ഖബറിനുള്ളിലേക്ക് മറഞ്ഞു! 1143 ലും 44 ലും ഹജ്ജ് നിര്‍വ്വഹിക്കുകയും റൌള സന്ദര്‍ശിക്കുകയും
ചെയ്ത ശാഹ് വലിയുല്ലാഹി ദഹ്ലവി തനിക്ക് റൌളാശരീഫില്‍ നിന്നുണ്ടായ നാല്‍പ്പതില്‍പരം
അനുഭവങ്ങള്‍ തന്റെ ഫുയൂളുല്‍ ഹറമൈനിയില്‍ വിശദീകരിക്കുന്നുണ്ട്. ഒരനുഭവം ഇങ്ങനെ: “ഞാന്‍ റൌള സിയാറത്ത് ചെയ്യുകയും തിരുനബിയുടെ
റൂഹിനെ പ്രത്യക്ഷമായും വ്യക്തമായും ദര്‍ശിക്കുകയും ചെയ്തു. അര്‍വാഹിന്റെ ലോകത്ത്
മാത്രമായിരുന്നില്ല നമ്മുടെ ബാഹ്യലോകത്തോട് അടുത്തുകിടക്കുന്ന ആലമുല്‍
മിസാലിലായിരുന്നു ഈ അനുഭവം. നബി (സ്വ) നിസ്കാരത്തിന് ഹാജരാവുന്നതായും ജനങ്ങള്‍ക്ക്
ഇമാമത്ത് നില്‍ക്കുന്നതായും മറ്റും പൊതുജനങ്ങള്‍ പറഞ്ഞുപോരുന്നതിന്റെ യാഥാര്‍ഥ്യം
എനിക്കു മനസ്സിലായി. തങ്ങളുടെ ആത്മാക്കളില്‍ പതിഞ്ഞു കിടക്കാത്ത ഒരറിവും
പൊതുജനങ്ങള്‍ സംസാരിക്കാറില്ല. ഇത്തരം വിഷയത്തില്‍ പൊതുജനാഭിപ്രായത്തെ നിസ്സാരമായി
കണ്ടു പുച്ഛിക്കുന്നതിനു പകരം ആളുകള്‍ പറഞ്ഞുവരുന്നതിന്റെ പൊരുള്‍ ഗ്രഹിക്കുവാനാണ്
ശ്രമിക്കേണ്ടത്. പ്രവാചകന്മാര്‍ മരണം പ്രാപിക്കുകയില്ലെന്നും അവര്‍ തങ്ങളുടെ
ഖബറുകളില്‍ നിസ്കാരവും ഹജ്ജും നിര്‍വ്വഹിച്ചുകൊണ്ട് ജീവിച്ചിരിക്കുകയാണെന്നും നബി
അരുളിയത് ഇതിലേക്കാണ് സൂചന നല്‍കുന്നത്” (മദീനയിലെ അനുഭവങ്ങള്‍, അനുഗ്രഹങ്ങള്‍ (വിവ) പേ:45).
മലയാളത്തിന്റെ
മഹാനായ പുത്രന്‍ ഉമര്‍ഖാളി ഹുജ്റത്തുശ്ശരീഫയുടെ ഉമ്മറപ്പടിയില്‍ നിന്നുകൊണ്ട് ഒരു
കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. അതിരറ്റ പ്രേമത്തിന്റെ അലകടലുകള്‍ ഒരു
വിഷാദകാവ്യമായി അവിടെ പെയ്തിറങ്ങി. ഉമര്‍ ഖാളിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ
പാറാവുകാര്‍ സ്തബ്ധരായിനില്‍ക്കേ ഹുജ്റയുടെ വാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ആ
അമരകാവ്യം ഇന്നും മലയാളിയുടെ മനസ്സിലും ചുണ്ടിലും നിറഞ്ഞു നില്‍ക്കുന്നു.
‘യാ അക്റമല്‍ കുറമാ അലാ
അഅ്താബികും
ഉമറുല്‍
ഫഖീറുല്‍ മുര്‍തജീ ബിജനാബികും
യര്‍ജുല്‍
അത്വാഅ അലല്‍ ബുകാഇ ബിബാബികും
വദ്ദംഉ
ഫീ ഖദ്ദൈഹി സാല സജീമാ
സ്വല്ലൂ
അലൈഹിവ സല്ലിമൂ തസ്ലീമാ’
(ശ്രേഷ്ഠരില്‍
ശ്രേഷ്ഠരെ, അങ്ങയുടെ ഉമ്മറപ്പടിയില്‍ പ്രതീക്ഷകളോടെ പാവം ഉമര്‍! അങ്ങയുടെ
കവാടത്തില്‍ നിന്ന് കരഞ്ഞു കാര്യം നേടാമെന്ന് പ്രതീക്ഷിക്കുന്നു. കവിളുകളില്‍
നിന്ന് ബാഷ്പകണങ്ങള്‍ ധാരധാരയായി ഒലിച്ചിറങ്ങുന്നു.) ഇത് സംഭവിച്ചത് ഹിജ്റ 1247
ലായിരുന്നു. (ഉമര്‍ഖാളി ചരിത്രം)
പരിഷ്കരണങ്ങള്‍
റൌളയില്‍ കാര്യമായ
പരിഷ്കരണങ്ങള്‍ വരുന്നത് നൂറുദ്ദീന്‍ ശഹീദിന്റെ കാലത്താണ്. (വഫാഉല്‍വഫാ, സീറത്തു
മസ്ജിദിന്നബവിയ്യിശ്ശരീഫ്) ഹിജ്റ 557 ല്‍ ഖബറിനു നേരെ തുരങ്കം നിര്‍മ്മിക്കാനുള്ള
ക്രിസ്ത്യന്‍ കുതന്ത്രം പാളിപ്പോയത് നാം മനസ്സിലാക്കിയല്ലോ. ഇത്തരം ശ്രമങ്ങള്‍
ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി അദ്ദേഹം പുതിയ ഒരു പ്രതിരോധ മാര്‍ഗ്ഗം
കണ്ടുപിടിച്ചു. റൌളക്കു ചുറ്റും വിശാലമായ ഒരു കിടങ്ങ് കുഴിക്കുക. വെള്ളം കാണുന്നതു
വരെ. അങ്ങനെ അതി ബൃഹത്തായ ഒരു കിടങ്ങ് രൂപം കൊണ്ടു. അത് നിറയെ ഇയ്യം
ഉരുക്കിയൊഴിച്ചു. അതിനുമീതെ മൂന്നു ശക്തമായ മതിലുകള്‍ പണിതു. ചരിത്രകാരനായ സുംഹൂദി
പറയുന്നത് ‘പെട്ടി’യുടെ (സ്വുന്‍ദൂഖ്) നിര്‍മ്മാണത്തെക്കുറിച്ച്
തനിക്കറിയില്ലെന്നാണ്. ഇബ്നു ജുബൈറിന്റെ യാത്രാവിവരണത്തില്‍ നിന്നാണ്
ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുന്നത്. ഹിജ്റ 580 കളിലാണ് ഇബ്നു ജുബൈര്‍
യാത്ര ചെയ്യുന്നത്. സ്വുന്‍ദൂഖ് അതിനുമുമ്പേ സ്ഥാപിച്ചിരിക്കുമെന്ന് ഇതില്‍ നിന്നു
മനസ്സിലാക്കുന്നു. ശീറാസി പറയുന്നു: കരിന്തകാളിവൃക്ഷം കൊണ്ട് നിര്‍മ്മിതമാണത്.
വെള്ളികൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. നബി (സ്വ) യുടെ തലഭാഗത്താണത്
സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പെട്ടിക്ക് അഞ്ചുചാണ്‍ നീളമുണ്ട്. മൂന്നു ചാണ്‍
വീതി, നാലുചാണ്‍ ഉയരം.
മത്വരി
പറയുന്നു: റൌളക്ക് അഭിമുഖമായി ഒരു വിളക്ക് സ്ഥാപിച്ചിരുന്നു. അതിനു ചുവട്ടിലാണ്
സലാം ചൊല്ലാന്‍ വേണ്ടി നിന്നിരുന്നത്. പള്ളിക്ക് തീ പിടിക്കുന്നതുവരെ
ഇങ്ങനെയായിരുന്നു. റൌളയുടെ മുന്‍ഭാഗത്തിനുനേരെ ഒരു വിളക്കു മാത്രമേ
ഉണ്ടായിരുന്നുള്ളൂ. പള്ളി പുതുക്കിപ്പണിതപ്പോള്‍ ധാരാളം വിളക്കുകള്‍
സ്ഥാപിക്കപ്പെട്ടു. സലാം ചൊല്ലുന്നതിന് ഇപ്പോള്‍ അടയാളപ്പെടുത്തിയിട്ടുള്ള
സ്ഥലത്ത് ചുവന്ന മാര്‍ബിളില്‍ ഒരു വെള്ളി നിര്‍മ്മിതമായ ആണി സ്ഥാപിച്ചിരിക്കുന്നു.
ഇഖ്ശഹ്രി പറയുന്നു: ഹി. 720 ല്‍ ഈ ആണി (മിസ്മാര്‍) വീണു. ഹി. 724 ല്‍ ഇത് വീണ്ടും
പുനഃസ്ഥാപിക്കപ്പെട്ടു. ഇബ്നുനജ്ജാര്‍ പറയുന്നു: നുസൈബ്നു അബില്‍ഹൈജാഅ് ഒരു
വെളുത്ത വിരി ഖബറിനുമീതെ വിരിച്ചു. വെള്ളയും ചുവപ്പും സില്‍ക്കുകള്‍ കൊണ്ട്
ചിത്രപ്പണികള്‍ അതില്‍ ചെയ്തിട്ടുണ്ടായിരുന്നു. പട്ടുനൂല്‍ കൊണ്ട് അത്
അലങ്കരിച്ചിരുന്നു. യാസീന്‍ സൂറ അതില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ‘അല്‍ ഇമാം മുസ്തളീഅ്ബില്ലാഹി’യുടെ സമ്മതത്തോടെ അത് റൌളയില്‍ തൂക്കി.
റൌളയിലെ
വിളക്കുകള്‍ (ഖനാദീല്‍)
നൂറുദ്ദീന്‍
അലിയ്യുബ്നു അഹ്മദിസ്സുംഹൂദി (ഹി. 911 ല്‍ മരണം) പറയുന്നു: നമ്മുടെ കാലം വരെ
രാജാക്കന്മാരും മറ്റു പ്രമാണിമാരും റൌളയിലേക്ക് സ്വര്‍ണ്ണത്തിന്റേയും
വെള്ളിയുടേയും വിളക്കുകള്‍ ഹദ്യ ചെയ്യുന്ന ചര്യ തുടര്‍ന്നു വരുന്നു. ശൈഖുനാ
അല്ലാമാ നാസിറുദ്ദീന്‍ ഉസ്മാനീ ഖാളി അബ്ദുറഹ്മാനുബ്നുല്‍ സ്വാലിഹിനെ
ഉദ്ധരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഇങ്ങനെ പത്തോ പതിമൂന്നോ പതിനഞ്ചോ ഒക്കെ
വിളക്കുകള്‍ കിട്ടുമായിരുന്നുവത്രെ. എന്നാല്‍ നമ്മുടെ കാലത്ത് വിവിധ ജനങ്ങള്‍ നേര്‍ച്ചയാക്കിയിട്ട്
ഇരുപതില്‍പരം വിളക്കുകള്‍ ഓരോ വര്‍ഷവും ലഭിക്കും. പ്രത്യേക പരിധിയൊന്നുമില്ല.
ഹാഫിളുബ്നുഹജറും ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. (തുടര്‍ന്ന് അന്ന് ?-
ഹി. 881 ഹുജ്റയില്‍ നിലനിന്നിരുന്ന സുപ്രധാന വിളക്കുകളെക്കുറിച്ചും അവയുടെ
തൂക്കവും രൂപവും അവ ഹദ്യ ചെയ്തവരെക്കുറിച്ചുമെല്ലാം സുഹൂദി വിശദമായി
വിശദീകരിക്കുന്നുണ്ട്.)
ഈ
അലങ്കാരങ്ങളുടെ വിധി സംബന്ധിയായി ഇമാം സുബ്കി ‘തനസ്സുലുസ്സകീന അലാ ഖനാദീലില്‍ മദീന’ (മദീനയുടെ ദീപങ്ങളില്‍ ശാന്തിവര്‍ഷം) എന്ന പേരില്‍ ഒരു ഗ്രന്ഥം
തന്നെ രചിച്ചിട്ടുണ്ട്. ബുഖാരിയുടെ ഹദീസ് ഉദ്ധരിച്ച് അവയുടെ സാധുതയും ഔചിത്യവും
വിനിമയമാര്‍ഗ്ഗങ്ങളുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഈ റൌളക്കു ചുറ്റും ഹി.
668 ല്‍ ഒരു വിശാലമുറി നിര്‍മ്മിക്കപ്പെട്ടു. റുക്നുദ്ദീന്‍ ബീബറസ് ആയിരുന്നു ഇത്
പണികഴിപ്പിച്ചത്. ഖിബ്ലയുടെ ഭാഗത്തും പടിഞ്ഞാറും കിഴക്കുമായി ഇതിന് മൂന്നു
വാതിലുകളുണ്ടായിരുന്നു. ഇതിന് മരമായിരുന്നു ഉപയോഗിച്ചിരുന്നത്.. ഹി. 694 ല്‍
സൈനുദ്ദീന്‍ രാജാവ് ഇതില്‍ പരിഷ്കരണം വരുത്തുകയും മേല്‍ക്കൂര മുട്ടുമാറുയരത്തില്‍
വലുതാക്കുകയും ജനവാതിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഹി. 886ലെ
തീപ്പിടുത്തത്തില്‍ ഇതിന് ചില്ലറ കേടുപറ്റിയതിനാല്‍ ഹി. 886ല്‍ 18,817 കിലോഗ്രാം
തൂക്കം വരുന്ന ഇരുമ്പും ചെമ്പും ഉപയോഗിച്ച് ഇത് പുതുക്കിപ്പണിതു. ചെമ്പിന്റെ
ജാലകങ്ങള്‍ കിഴക്കും പടിഞ്ഞാറും വടക്കും പച്ച ചായം പൂശിയ ഇരുമ്പു ജാലകങ്ങള്‍. ഈ ‘മഖ്സൂറ’യാണ് പിന്നീട് ഹുജ്റത്തുശ്ശരീഫ എന്നറിയപ്പെട്ടത്. ഇവിടെയുള്ള
ദീപങ്ങള്‍ ‘ഖനാദിലുല്‍ഹുജ്റ’ എന്നും അറിയപ്പെടുന്നു. ഖിബ്ല യുടെ ഭാഗം ‘മുവാജഹത്തുശ്ശരീഫ’ എന്നു വിളിക്കുന്നു. ഇവിടെയാണ് സന്ദര്‍ശകര്‍ നില്‍ക്കുന്നത്.
ഹി.
608ല്‍ മന്‍സ്വൂര്‍ രാജാവിന്റെ കാലത്താണ് സുപ്രസിദ്ധമായ ഈ ഖുബ്ബ നിര്‍മ്മിക്കപ്പെട്ടത്.
നാസ്വിര്‍ ഹസന്‍ ബിന്‍ മുഹമ്മദ് രാജാവിന്റെ കാലത്ത് ഇത് പുതുക്കിപ്പണിതു.
പുനഃസ്ഥാപിച്ചപ്പോള്‍ ചില കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അശ്റഫ് ശഅ്ബാന്‍
രാജാവിന്റെ കാലത്ത് 765 ല്‍ ഇത് വീണ്ടും പുതുക്കുകയും ശരിയായി ഉറപ്പിക്കുകയും
ചെയ്തു. സുലൈമാന്‍ഖാന്‍ രാജാവ് (ഹി. 926?-948) ഹുജ്റയില്‍ മാര്‍ബിള്‍ പതിച്ചു.
അബ്ദുല്‍ അസീസ് ആലുസുഊദിന്റെ കാലത്ത് മാര്‍ബിള്‍ കൊണ്ട് ചില പുരോഗമന പ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ട്.
